KeralaNEWS

വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയിൽ 

റാന്നി:മനുഷ്യ-വന്യജീവി സംഘർഷം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയിൽ എത്തി.
 പത്തനംതിട്ട ജില്ലയിൽ പെരുനാട്, നാറാണംമൂഴി, സീതത്തോട് എന്നീ പഞ്ചായത്തുകളിൽ കടുവ, പുലി, ആന, കാട്ടുപോത്ത് എന്നിവയുടെ സാന്നിദ്ധ്യം പലപ്പോഴായി കണ്ടുവരുന്നുണ്ട്.വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെയും കന്നുകാലികളേയും ആക്രമിക്കുന്നതുൾപ്പെടയുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.ഈ സാഹചര്യത്തിൽ വന്യമൃഗ ആക്രമണം തടയാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വനം വകുപ്പും വനസംരക്ഷണ സമിതികളും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങളും കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങങ്ങളിലെ ജനങ്ങൾ അതിരാവിലെ വെളിച്ചം വരുന്നതിന് മുൻപ് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ അത്തരം യാത്രകൾ അനിവാര്യമെങ്കിൽ മതിയായ വെളിച്ചം കരുതിയും ഒപ്പം ആരെങ്കിലും കൂടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക,  രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാതിരിക്കുക,കുട്ടികളെ സ്കൂളിൽ അയക്കുമ്പോൾ മുതിർന്നവർ അനുഗമിക്കുകയോ വാഹനങ്ങളിൽ അയക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കർശനമായും പാലിക്കേണ്ടതുണ്ട്.
പുരയിടത്തിന് ചുറ്റുമുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളും മറ്റുമാണ് വന്യമൃഗങ്ങൾക്ക് ഇടമൊരുക്കുന്നത് എന്ന് തിരിച്ചറിഞ്ഞ്  കുറ്റിച്ചെടികളും മറ്റും നീക്കം ചെയ്ത് പ്രദേശമാകെ തുറസ്സായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.കടുവ ഭീഷണി നേരിടുന്ന മേഖലകളിലെ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ ഇതിനകം ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട പഞ്ചായത്തുകൾ അവ ഉറപ്പു വരുത്തുവാനുള്ള നിയമപരമായ അധികാരവും സർക്കാർ ഉത്തരവ് മുഖാന്തിരം നൽകിയിട്ടുണ്ട്.
 കടുവയെ പിടിക്കുവാൻ സഹായകമാകുന്ന ഡ്രോൺ സർവെല്ലൻസ്‌ നിരീക്ഷണം നടത്തി അപകട സാധ്യത അധികരിച്ചു നിൽക്കുന്ന ഇടങ്ങൾ കണ്ടെത്തി കൂട് സ്ഥാപിച്ചു കടുവയെ പിടികൂടുവാനുള്ള ശ്രമം തുടരുകയാണെന്നും കലക്ടർ അറിയിച്ചു.ഇതിനായി അവിടെ സമീപപ്രദേശവാസികൾ കന്നുകാലികളെ അലക്ഷ്യമായി തുറന്നു വിടാതെ സഹകരിക്കണം എന്നും കലക്ടർ അഭ്യർത്ഥിച്ചു.
വന്യമൃഗ ഭീഷണി നേരിടുന്നതിന് സ്വീകരിച്ചു വരുന്ന വിവിധ നടപടികളെ സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ റാന്നിയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.അഡ്വ.പ്രമോദ് നാരായനും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Back to top button
error: