ഡെഹ്‌റാഡൂണ്‍: വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ഭൈരവ് സേന, ബജ്‌റങ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നടക്കം എതിര്‍പ്പ് ശക്തമായതോടെ, മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ബിജെപി നേതാവ് യശ്പാല്‍ ബെനാമാണ്, മതപരമായ എതിര്‍പ്പിനെ തുടര്‍ന്ന് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്.
ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കുടുംബകാര്യമാണെന്ന് പറഞ്ഞ് ആദ്യം പ്രതിരോധിച്ച നേതാവ്, എതിര്‍പ്പ് ശക്തമായതോടെയാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. മുസ്‌ലിം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മകളെ മുസ്‌ലിം യുവാവിനു വിവാഹം കഴിച്ചു നല്‍കാനുള്ള മുന്‍ എംഎല്‍എ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം.
ഇതിനിടെ ‘ലവ് ജിഹാദ്’ ആരോപണം ഉയര്‍ത്തിയും ഒരു വിഭാഗം രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങി വന്‍ വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുമായും താരതമ്യങ്ങള്‍ വ്യാപകമായതോടെയാണ്, യശ്പാല്‍ വിവാഹക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തിയത്. മകളുടെ സന്തോഷം മാത്രം പരിഗണിച്ചാണ് ഈ വിവാഹത്തിനു സമ്മതം മൂളിയതെന്ന് യശ്പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനത്തിന്റെ അഭിപ്രായം കൂടി മാനിച്ചേ തീരൂ. അതിനാല്‍ മേയ് 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയെന്നും യശ്പാല്‍ പറഞ്ഞു.
യശ്പാലിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാഹത്തിനെതിരേ പരസ്യമായി പ്രതിഷേധിച്ച ഹിന്ദു സംഘടനകള്‍, യശ്പാലിന്റെ കോലവും കത്തിച്ചു. സമൂഹമാധ്യമങ്ങളിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
”ദ കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ക്ക് നികുതിയിളവു വരെ നല്‍കിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നത്. ഇതിനിടെയാണ് ബിജെപി നേതാവ് തന്റെ മകളെ മുസ്‌ലിം യുവാവിനു വിവാഹം ചെയ്തു നല്‍കുന്നത്. ഇത് ആ നേതാവിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഈ നീക്കം ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് തീര്‍ച്ച” -ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.