LocalNEWS

അഴുക്കിൽനിന്ന് അഴകിലേക്ക്… എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജൈവ മാലിന്യസംസ്‌ക്കരണ ആശയങ്ങൾ നൽകി എം.ജി. സർവകലാശാല വിദ്യാർത്ഥികൾ

കോട്ടയം: അഴുക്കിൽനിന്ന് അഴകിലേക്ക് എന്ന കാമ്പയിനോടെ ജൈവ മാലിന്യസംസ്‌ക്കരണ മേഖലയിൽ പുത്തൻ ആശയങ്ങൾ നൽകുകയാണ് മഹാത്മാഗാന്ധി സർവകലാശാല വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളിലാണ് ഏറ്റവും ചെലവു കുറഞ്ഞതും എളുപ്പത്തിലുള്ളതുമായ ജൈവ മാലിന്യ സംസ്‌ക്കരണ രീതി പരിചയപ്പെടുത്തുന്നത്. മഹാത്മാഗാന്ധി സർവകലാശാലയിലെ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കൽ പദ്ധതിയായ നിർമ്മലമാണ് വ്യത്യസ്ത ഉണർത്തുന്നത്.

സർവകലാശാലയിലെ വകുപ്പുകൾ, ഹോസ്റ്റൽ, കാന്റീൻ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, ചകിരിച്ചോർ, ചാണകപ്പൊടി, നുറുക്കിയ ഇലകൾ, വിവിധതരം പിണ്ണാക്കുകൾ, ചാരം തുടങ്ങിയവയുമായി ചേർത്ത് സംസ്‌കരിച്ച് നിർമിക്കുന്ന ജൈവവളമാണ് നിർമ്മലം. ക്യാമ്പസിലെ ബയോ സയൻസ്, എൻവയോൺമെന്റൽ സയൻസ് വിദ്യാർത്ഥികളാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഉണക്കി പൊടിച്ച കരിയില മുതൽ ജൈവവളം നിറച്ച് ചെടികൾ നടാൻ പാകത്തിനുള്ള ചെടിച്ചട്ടികൾ വരെ ഇവിടെ സ്റ്റാളിൽ വിൽപനയ്ക്കുണ്ട്.
പൊടിച്ച കരിയില- 20 രൂപ, ഒരു കിലോ വളം- 40 രൂപ, നാല് കിലോ, പോട്ടി മിക്‌സ് – 100 രൂപ, 500 ഗ്രാം കോക്കോ പീറ്റ് കമ്പോസ്റ്റ് – 25 രൂപ പയർ, ചീര, മുളക്, വെണ്ട എന്നിവയുടെ വിത്തുകളും വിൽപനയ്ക്കുണ്ട്.

Signature-ad

മൂന്ന് മാസം കൊണ്ട് കരിയിലകളും ഭക്ഷണാവശിഷ്ടങ്ങളും ജൈവ വളമാക്കി മാറ്റുന്ന ട്രൈലീഫ് ഡി കമ്പോസറും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. വികസന ആശയങ്ങൾ നൽകി സമ്മാനം നേടാനും ഈ സ്റ്റാളിൽ അവസരമുണ്ട് കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന നൂതന ആശയങ്ങളാണ് നൽകേണ്ടത്. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെൻററാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭത്വ സാധ്യതകളും അതുവഴി യുവജന ക്ഷേമവും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയും ലക്ഷ്യമിടുന്ന ആയിരം വാക്കിൽ കവിയാത്ത ആശയങ്ങൾ മേളയിലെ സർവകലാശാലയുടെ സ്റ്റാളിലാണ് നൽകേണ്ടത്. മത്സരത്തിന് പ്രായപരിധിയില്ല. വ്യക്തികൾക്കും സംഘമായും നൽകാം. പ്രത്യേക സമ്മാനങ്ങൾക്കൊപ്പം ആശയങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കാനുള്ള അക്കാദമിക്, വ്യാവസായിക സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും.

Back to top button
error: