കോട്ടയം: എക്സൈസ് സംഘത്തിന് വിവരം നല്‍കിയതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച ഏഴുപേര്‍ പിടിയില്‍. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗണ്‍ ഭാഗത്ത് തോട്ടുപറമ്പില്‍ വീട്ടില്‍ അഫ്സല് സിയാദ് (21), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (22), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് തോട്ടുപറമ്പില്‍ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ അമീന് (20), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് ചതുര്‍രേവതി സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കല്‍ തടിക്കാട് രേഷ്മ ഭവനം അരുണ്‍ ബൈജു (27), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് തോട്ടുപറമ്പില്‍ നിയാസ് നിസാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസില്‍ എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തുവെന്ന പേരിലാണ് ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. 12ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ സുഹൃത്തിന്റെ ഫോണില്‍നിന്ന് ചങ്ങനാശ്ശേരി എസ്.എച്ച് സ്കൂള്‍ ഭാഗത്തേക്ക് വിളിച്ചുവരുത്തിയശേഷം മര്‍ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറ്റി യുവാവിന്റെ പണം അടങ്ങിയ പഴ്സും ഫോണും തട്ടിയെടുക്കുകയും പല സ്ഥലങ്ങളില്‍ കറങ്ങിയശേഷം ഹിദായത്ത് നഗര്‍ ഭാഗത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ സൂര്യരാജനെ എറണാകുളത്തുനിന്നും ബിലാല്‍, റിയാസ്, അഫ്സല്, നിയാസ് എന്നിവരെ ബംഗളൂരുവില്‍നിന്നുമായി പിടികൂടുകയായിരുന്നു. പ്രതികളായ ബിലാല്‍, അഫ്സല് എന്നിവര്‍ക്ക് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും റിയാസിന് ചങ്ങനാശ്ശേരി സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.