തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങള്‍ക്കല്ലാതെ മൈതാനം ഉപയോഗിക്കാന്‍ ഇനി മുതല്‍ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോര്‍ഡിന് കിട്ടുന്ന അപേക്ഷകള്‍ കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തൃശൂര്‍ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 11നാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പൂര്‍ണരൂപം ഇപ്പോഴാണ് പുറത്തു വന്നത്. പൊതുപരിപാടികള്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോര്‍ഡുകളും പാടില്ല.
നടപ്പാതകള്‍ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാരെ തടസപ്പെടുത്തരുത്. നടപ്പാതകള്‍ കൈയേറി രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗങ്ങള്‍ സംഘടിപ്പിക്കരുത്. പാതകള്‍ കൈയേറിയുള്ള കച്ചവടവും അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടപ്പാതകള്‍ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാല്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.