ആലപ്പുഴ: ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിക്ക് സിഐടിയു പ്രാദേശിക നേതാവിന്റെ ഭീഷണി. വ്യാപാരിയെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തൊഴിലാളി നേതാവിനെതിരെ സിഐടിയു അച്ചടക്ക നടപടിയെടുത്തു.
സിഐടിയു നേതാജി യൂണിറ്റ് കണ്‍വീനര്‍ കെ ബിജുമോനെയാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്തത്. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ബിജുമോനെതിരേ പാര്‍ട്ടി തലത്തിലും നടപടിയെടുക്കുമെന്ന് സിപിഎം ഏരിയ നേതൃത്വം അറിയിച്ചു. ഇന്ന് ലോക്കല്‍ കമ്മിറ്റി ചേര്‍ന്നു നടപടി തീരുമാനിക്കും.
കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജംഗ്ഷനില്‍ നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് എത്തിയ 50 ചാക്ക് സിമന്റ് ഇറക്കാന്‍ കടയുടമ ബിജുമോനെ വിളിച്ചെങ്കിലും 3 മണിക്കൂര്‍ കഴിഞ്ഞുവരാമെന്നായിരുന്നു മറുപടി. ലോഡുമായെത്തിയ വാഹനത്തിന് മടങ്ങേണ്ടതിനാല്‍ കടയുടമയും ഡ്രൈവറും ചേര്‍ന്നു ലോഡിറക്കി. ഇതിന്റെ പേരിലാണ് സിഐടിയു നേതാവ് ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കടയുടമ പറയുന്നു.