KeralaNEWS

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; അഗതികള്‍ക്ക് അനുഗ്രഹമായി ആഹാരവിതരണം!

കോട്ടയം: പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം പാതിവഴിയില്‍ നിര്‍ത്തി. ഇന്നലെ നടത്തേണ്ടിയിരുന്ന ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നിര്‍ത്തിയത്. സമ്മേളന പ്രതിനിധികള്‍ക്കായി ഒരുക്കിയ ഭക്ഷണം ജില്ലാ നേതൃത്വം അനാഥാലയങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തു.

മൂന്നു ദിവസമായി ജില്ലാ സമ്മേളനം നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥയ്ക്ക് ശേഷം തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു.

Signature-ad

കോണ്‍ഗ്രസിനുള്ളിലെ രണ്ടു പ്രബല വിഭാഗങ്ങളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍.

ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമ്മേളനം നടത്തിയതുമുതല്‍ യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പൊതുസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നാണ് പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തതെന്നും ഡിസിസി പ്രസിഡന്റിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.

ആന്റോ ആന്റണി എം.പി പ്രസംഗിക്കുന്നതിനിടെ നാട്ടകം സുരേഷ് വേദിയിലേക്ക് കയറിവന്നു. നാട്ടകം സുരേഷിന് അനുകൂലമായി ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് എം.പി പ്രസംഗം തുടരുമ്പോഴും മുദ്രാവാക്യം വിളി ഉയര്‍ന്നുകൊണ്ടിരുന്നു. ഇതോടെ മറുവിഭാഗവുമായി വാക്കുതര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

സംസ്ഥാന നേതൃത്വം വിവരം അറിഞ്ഞതോടെ ഇന്നലെ രാവിലെയോടെ സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കി. 200 പ്രതിനിധികള്‍ക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്. ഭക്ഷണക്രമീകരണം നടത്തിയ കേറ്ററിങ് ഏജന്‍സിക്ക് നഷ്ടമുണ്ടാകരുതെന്നും ഭക്ഷണം പാഴായിപ്പോകരുതെന്നും ജില്ലാ ഭാരവാഹികള്‍ തീരുമാനിച്ചു. അങ്ങനെയാണ് അനാഥാലയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

Back to top button
error: