ബംഗളൂരു:കര്‍ണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലം പരിശാക്കിയാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ക്യാമ്ബ് ചെയ്തു പ്രവര്‍ത്തിച്ചിട്ടും ഏശാതെപോയ കന്നടമണ്ണില്‍ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകര്‍ന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ‍് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല. നാല്‍പതു ശതമാനം കമ്മീഷന്‍ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തില്‍ നേടിയത്.സര്‍വ മേഖലകളിലും വോട്ടു ശതമാനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ആധികാരിക ജയം തന്നെയാണ് നേടിയതെന്ന് പറയേണ്ടിവരും.
അതേസമയം വിജയിച്ച എല്ലാ എംഎല്‍എമാരെയും 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മുന്‍ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിശ്വസ്തരായവര്‍ക്ക് മാത്രമാണ് നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നത്.എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ കൂറുമാറ്റം തടയാനായി എല്ലാ എംഎല്‍എമാരെയും ബംഗ്ലൂരുവിലേക്ക് എത്തിക്കാനാണ് തീരുമാനം.ഇതനുസരിച്ച് 17 ഹെലികോപ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്.