ബംഗളൂരു: കര്‍ണാടകയില്‍ മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റ് സിപിഎം. ഇതില്‍ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തില്‍ താഴേ വോട്ടുകളുമാണ് സിപിഎമ്മിന് നേടാനായത്. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനു മുന്നില്‍ അടിപതറി.
കോവിഡ് കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനില്‍കുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാന്‍ സിപിഎം രംഗത്തിറക്കിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എന്‍.സുബ്ബഖറെഡ്ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥി മുനിരാജ് 62,949 വോട്ട് നേടിയപ്പോള്‍ ഡോ. അനില്‍കുമാറിന് 19,621 വോട്ടേ ലഭിച്ചുള്ളൂ. കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയില്‍ സിപിഎമ്മിന്റെ പോരാട്ടം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്. 1970 ല്‍ എകെജിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൂസമരമാണ് ആന്ധ്രയുമായി അതിര്‍ത്തി പങ്കിടുന്ന ബാഗേപള്ളിയില്‍ പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച ജി.വി. ശ്രീരാമറെഡ്ഡി 1994, 2004 വര്‍ഷങ്ങളില്‍ ബാഗേപള്ളി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2018 ലെ തെരഞ്ഞെടുപ്പില്‍ ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളിയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
‘കെജിഎഫ്’ എന്ന സിനിമയിലൂടെ പ്രശസ്തമായ കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) മണ്ഡലത്തിലും സിപിഎമ്മിന് കോണ്‍ഗ്രസിനു മുന്നില്‍ തോല്‍വി സമ്മിക്കേണ്ടിവന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.രൂപകലയാണ് സിപിഎം സ്ഥാനാര്‍ഥി പി.തങ്കരാജിനെ 50,467 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. പാര്‍ട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആര്‍ പുര, ഗുല്‍ഭര്‍ഗ റൂറല്‍ എന്നിവടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളോടാണ് സിപിഎം പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ ബി.എ.ബസവരാജ, എം.ബസവരാജ് എന്നിവരാണ് യഥാക്രമം വിജയിച്ചത്.