പ്രതീക്ഷയോടെ റഷ്യയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്
കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിന് വേണ്ടി ലോകത്താകമാനമുളള ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മാസങ്ങളായി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതില്‍ ചിലത് വിജയം കണ്ടെത്തുകയും ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന പേര് റഷ്യയയുടേതാണ്. റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 മുന്‍ഗണന ക്രമത്തില്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് റഷ്യയുടെ വാദം. ആളുകളില്‍ ഇപ്പോഴും വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്.
വാക്‌സിന്റെ ആദ്യ രണ്ട് ഡോസ് സ്വീകരിക്കുവാന്‍ ആയിരത്തോളം പേരാണ് ഈ ആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എത്ര ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതാണ് റഷ്യയുടെ മുന്‍പിലുള്ള പുതിയ വെല്ലുവിളി. വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമാണ് മോസ്‌കോയില്‍ ഒരിക്കിയിരിക്കുന്നത്. സ്‌കൂളിലും, ആരോഗ്യ, സാമൂഹികരംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷത്തോളം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് മോസ്‌കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ അറിയിച്ചത്. ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ് വാക്‌സിന്‍ നല്‍കുക. ഒരു തവണ സ്വീകരിച്ച് 21 ദിവസത്തിന് ശേഷമാകും രണ്ടാമത്തെ ഡോസ് നല്‍കുക. 30 ദിവസത്തിനുള്ളില്‍ ഇന്‍ഞ്ചക്ഷന്‍ സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, ശ്വാസകോശ സംബന്ധമായി രോഗമുള്ളവര്‍ തുടങ്ങിയവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്‌സിന് രാജ്യന്തര വിപണിയില്‍ 10 ഡോളറില്‍ താഴെയാണ് വില. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കും. 22,000 സന്നദ്ധ പ്രവര്‍ത്തകരാണ് ആദ്യത്തെ ഡോസ് മരുന്ന് സ്വീകരിച്ചത്.