കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംവിധാനത്തിന്റെ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും വിഷയത്തെ ന്യായീകരിക്കാനാവില്ലെന്നും കേസ് പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ സ്‌കെച്ചും സി.സി. ടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ സമര്‍പ്പിച്ചാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി എത്തിയത്. അക്രമിയെ പ്രതിരോധിക്കാന്‍ പോലീസിന്റെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
എന്നാല്‍, ഒരു യുവ ഡോക്ടര്‍ മരിച്ച സാഹചര്യത്തില്‍ ഇത്തരം ന്യായീകരണങ്ങളൊന്നും വിലപ്പോവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും അതിനായി എന്ത് ചെയ്യാനാകുമെന്നും കോടതി ആരാഞ്ഞു. ഇതിനായി പ്രത്യേക പ്രോട്ടോക്കോള്‍ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കാമെന്നാണ് പോലീസ് പ്രതികരിച്ചിരിക്കുന്നത്. കോടതി നടപടികള്‍ തുടരുകയാണ്.