NEWS

ആര്‍ ജി സി ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര്‍ തന്നെ നല്‍കണം: രമേശ് ചെന്നിത്തല,ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം എസ് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍ എസ് എസ് നേതാവിന്റെ പേര് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

Signature-ad

മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആര്‍ എസ് എസ്. ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വര്‍ഗ്ഗീയത വളര്‍ത്താനേ ഉപകരിക്കൂ. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എന്ത് സംഭാവന നല്‍കിയാട്ടാണ് ഗോള്‍വാള്‍ക്കറുടെ പേര് ഈസ്ഥാപനത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അത് കൊണ്ട് ഈ തിരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും, ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

Back to top button
error: