തിരുവനന്തപുരം: വന്ദേഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയും വിധം തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ രണ്ടു പുതിയ റെയിൽപ്പാതകൾ കൂടി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു.കേരളത്തില്‍ റെയില്‍വേ ഗതാഗതത്തിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
ഇതിനായുള്ള ലൈഡാര്‍ സര്‍വേ ഈ മാസം ആരംഭിക്കും. നാലായിരം കോടിയില്‍ അധികം തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര കുറഞ്ഞത് നാല് മണികൂറായി ചുരുങ്ങുമെന്നാണ് ദക്ഷിണ റെയില്‍വേ കണക്കാക്കുന്നത്.
മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒന്നാം ഘട്ടം എറണാകുളം-ഷൊര്‍ണൂര്‍ പാതകളുടെ നിര്‍മ്മാണമാണ്. ഇതിനായി വേഗസാധ്യതാപഠനം പൂര്‍ത്തിയായി. 280 ഹെക്‌ടര്‍ ഭൂമിയാണ് പദ്ധതിക്ക് അധികമായി വേണ്ടിവരുക.വളവുകള്‍ നിവര്‍ത്തി പാത നിര്‍മ്മിക്കുന്നതിന് മുന്നോടിയായി എറണാകുളം-വള്ളത്തോള്‍ നഗര്‍ പാതയില്‍ 508 കോടി രൂപ ചെലവഴിച്ച് സിഗ്നലിങ് സംവിധാനം പരിഷ്‌കരിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം-എറണാകുളം പാതകളുടെ വികസനവും മൂന്നാം ഘട്ടത്തില്‍ ഷൊര്‍ണൂര്‍-മംഗലാപുരം മേഖലയിലെ പാത വികസനവും ലക്ഷ്യമിടുന്നു. പ്രാരംഭ നടപടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി 2024-ല്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യം.
നിലവില്‍ അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ കേരളത്തിലെ പരമാവധി വേഗം 100-108 കിലോ മീറ്ററാണ്. ഷൊര്‍ണൂര്‍-കാസര്‍ഗോഡ് പാതയില്‍മാത്രമാണ് ഈ വേഗം ലഭിക്കുന്നത്. ശരാശരി വേഗത 80 കിലോ മീറ്റര്‍മാത്രം.പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പരമാവധി വേഗം 160 കിലോ മീറ്ററായി ഉയരുമെന്നാണ് നിഗമനം