കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്‌സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശിയായ നീതുവിന് (32) നേരെയാണ് ആക്രമണം നടന്നത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് വെട്ടിക്കവല സ്വദേശി ബിബിന്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നീതുവും ഭര്‍ത്താവും ഏതാനും നാളുകളായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. നീതുവിന്റെ കൈയില്‍ നിന്ന് മക്കളുടെ ആധാര്‍ കാര്‍ഡ് വാങ്ങാനാണ് ബിബിന്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയം കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റി നീതുവിന്റെ മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.