ബിജെപിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ തന്ത്രം ഫലിച്ചോ? ബംഗാളിലെ റെക്കോഡ് പോളിംഗിലെ യഥാര്‍ഥ സൂചനയെന്ത്? എസ്‌ഐആര്‍ ഇഫക്ടില്‍ ആകെ വോട്ടര്‍മാര്‍ കുറഞ്ഞു; ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും 12 ശതമാനം കുറവ്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച എസ്‌ഐആര്‍ നടപടികളിലൂടെ ആകെ 91 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. മൊത്തത്തില്‍ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 11.63 ശതമാനം കുറവുണ്ടായി. ഇതില്‍ 58 ലക്ഷം പേരെ കരട് ഘട്ടത്തില്‍ തന്നെ നീക്കം ചെയ്തിരുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 92 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിംഗാണു നടന്നത്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്‌ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് മരിച്ചവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ ആകെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതും അതുവഴി പോളിംഗ് ശതമാനം ഉയര്‍ന്നതും മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്; മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ പരിശോധന അതിജീവിച്ചവര്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇതു കാട്ടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) വെല്ലുവിളിയുയര്‍ത്തുന്ന ബിജെപിയും ഈ റെക്കോര്‍ഡ് പോളിംഗിനെ വിപരീത രീതികളിലാണ് വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയാണിതെന്നും മറ്റേ കക്ഷിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും ഇരുപക്ഷവും പ്രഖ്യാപിച്ചു.
പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെങ്കിലും, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 2021-നെ അപേക്ഷിച്ച് 12 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2021-നെ അപേക്ഷിച്ച് 152 മണ്ഡലങ്ങളിലായി ഏകദേശം 47 ലക്ഷം കുറവ് ആളുകളാണ് ഇത്തവണ വോട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച എസ്‌ഐആര്‍ നടപടികളിലൂടെ ആകെ 91 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. മൊത്തത്തില്‍ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 11.63 ശതമാനം കുറവുണ്ടായി. ഇതില്‍ 58 ലക്ഷം പേരെ കരട് ഘട്ടത്തില്‍ തന്നെ നീക്കം ചെയ്തിരുന്നു. ഇവര്‍ മരിച്ചവരോ, താമസം മാറിയവരോ, ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവരോ അല്ലെങ്കില്‍ കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന എന്യൂമറേഷന്‍ ഘട്ടത്തില്‍ സ്ഥലത്തില്ലാത്തവരോ ആണെന്നാണ് കമ്മീഷന്‍ പറയുന്നത്. അതിനുശേഷം നോട്ടീസ് കാലയളവിലും ബംഗാളില്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത വിധം നടന്ന അഡ്ജുഡിക്കേഷന്‍ (വിധിനിര്‍ണയ) ഘട്ടത്തിലുമായി മറ്റൊരു 32 ലക്ഷം പേരെ കൂടി നീക്കം ചെയ്തു.
എസ്‌ഐആര്‍ വോട്ടര്‍ പട്ടിക വെട്ടിച്ചുരുക്കുക മാത്രമല്ല ചെയ്തത്, പ്രചാരണ വേളയില്‍ അതൊരു പ്രധാന രാഷ്ട്രീയ വിഷയമാവുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ കമ്മീഷന്‍ എസ്‌ഐആര്‍ പ്രഖ്യാപിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇതിനെ എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ എസ്‌ഐആറിനെതിരെയുള്ള ഹര്‍ജിക്കാരില്‍ മമതയുമുണ്ട്. ഇതിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപടിയോടാണ് അവര്‍ ഉപമിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തൃണമൂല്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍, മമത സര്‍ക്കാര്‍ സംരക്ഷിക്കുന്ന നുഴഞ്ഞുകയറ്റക്കാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.
ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ തൃണമൂല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: ‘എസ്‌ഐആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 91 ലക്ഷം പേരുകള്‍ നീക്കം ചെയ്തിട്ടും ബംഗാള്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തി. എന്തുകൊണ്ട്? കാരണം, സ്വന്തം ഭാവി സുരക്ഷിതമാക്കാനുള്ള അവസാനത്തെ യഥാര്‍ത്ഥ അവസരമാണിതെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് അറിയാം. എന്‍ആര്‍സിയും മണ്ഡല പുനര്‍നിര്‍ണ്ണയ ഭീഷണിയും അവര്‍ക്ക് മുന്നിലുണ്ട്. ബിജെപിയുടെ എല്ലാ ഭാവി ഗൂഢാലോചനകളെയും തകര്‍ക്കാന്‍ അവര്‍ പൂര്‍ണ്ണ ശക്തിയോടെ വോട്ട് ചെയ്തു’.
ബിജെപിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു: ‘തൃണമൂലിന്റെ അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും സൂര്യന്‍ അസ്തമിച്ചു’ ബംഗാളിലെ പ്രചാരണ വേളയില്‍ തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഷാ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ സമീപനം വിശദീകരിച്ചുകൊണ്ട് ‘കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക’ (detect, delete and deport) എന്ന നയത്തിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചറിയുക, അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, തുടര്‍ന്ന് അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
വര്‍ഷങ്ങളായി വോട്ടര്‍ പട്ടികയില്‍ തെറ്റായി കടന്നുകൂടിയ വിദേശികളെ നീക്കം ചെയ്യുക എന്നതായിരുന്നു എസ്‌ഐആര്‍ നടത്തിയതിന്റെ ഒരു കാരണമായി കമ്മീഷന്‍ പറഞ്ഞിരുന്നതെങ്കിലും, ഇതുവരെ അത്തരത്തില്‍ എത്ര പേരെ കണ്ടെത്തി എന്നത് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബംഗാള്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തി. വോട്ട് ചെയ്തില്ലെങ്കില്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുമോ എന്ന ഭയമായിരുന്നു പലര്‍ക്കും.
ഏറ്റവും കൂടുതല്‍ പേരെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത മുര്‍ഷിദാബാദില്‍, ചെന്നൈയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയായ റോഷന്‍ അലി നാട്ടിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിച്ചു: ‘ടിക്കറ്റുകള്‍ ഇല്ലായിരുന്നു. ട്രെയിനുകളില്‍ കനത്ത തിരക്കായിരുന്നു, എങ്കിലും ഞങ്ങള്‍ക്ക് നാട്ടിലെത്തണമായിരുന്നു. ഞാന്‍ രണ്ടു ദിവസം മുമ്പ് എത്തി. ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗം വോട്ടര്‍ കാര്‍ഡിനെയും വോട്ടര്‍ പട്ടികയിലെ പേരിനെയും ആശ്രയിച്ചിരിക്കുന്നു. ബംഗാളിന് പുറത്ത് അവര്‍ ആദ്യം ചോദിക്കുന്നത് ഇതാണ്. വോട്ട് ചെയ്യേണ്ടതും വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തേണ്ടതും ഞങ്ങള്‍ക്ക് അത്യാവശ്യമാണ്’.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും 84.69 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടിലും എസ്‌ഐആര്‍ നടപടികളിലൂടെ 11.55 ശതമാനം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുടരുന്ന രീതിയില്‍ നിന്നുള്ള മാറ്റമായിരുന്നു എസ്എസ്ആര്‍. സാധാരണയായി വാര്‍ഷികാടിസ്ഥാനത്തിലും തിരഞ്ഞെടുപ്പിന് മുന്നോടിയായും ‘സ്പെഷ്യല്‍ സമ്മറി റിവിഷന്‍’ (എസ്എസ്ആര്‍) വഴിയാണ് വോട്ടര്‍ പട്ടിക പുതുക്കാറുള്ളത്. വോട്ടര്‍ പട്ടികകള്‍ ഡിജിറ്റൈസ് ചെയ്ത 2000-കളുടെ തുടക്കത്തിന് ശേഷം കമ്മീഷന്‍ ഇത്തരമൊരു തീവ്രമായ പുനഃപരിശോധന നടത്തിയിട്ടില്ല.
ഇതുവരെ 10 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കമ്മീഷന്‍ എസ്എസ്ആര്‍ നടത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ നിന്നായി ആകെ 5.58 കോടി പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. എസ്എസ്ആര്‍ നടത്തിയയിടങ്ങളിലെല്ലാം പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണെങ്കിലും പശ്ചിമ ബംഗാളിലെ അനുഭവം വ്യത്യസ്തമായിരുന്നു.
ബംഗാളിന്റെ കാര്യത്തില്‍, സുപ്രീം കോടതി ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തില്‍ ചില പ്രത്യേക നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചിരുന്നു. വോട്ടര്‍മാരുടെ യോഗ്യത തീരുമാനിക്കുന്നതിനായി മൈക്രോ ഒബ്‌സര്‍വര്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അപ്പലേറ്റ് ട്രിബ്യൂണലുകള്‍ എന്നിവരെ നിയമിച്ചത് ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിന്റെ ഫലമായി രേഖകള്‍ സമര്‍പ്പിച്ച 27.10 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ നീക്കം ചെയ്യലുകള്‍ക്കെതിരെയുള്ള അപ്പീലുകള്‍ കേള്‍ക്കാന്‍ മാര്‍ച്ചില്‍ 19 അപ്പലേറ്റ് ട്രിബ്യൂണലുകള്‍ രൂപീകരിച്ചു. ബുധനാഴ്ച വരെ ലഭിച്ച വിവരമനുസരിച്ച്, വെറും 139 പേരുകള്‍ മാത്രമാണ് ട്രിബ്യൂണലുകള്‍ വോട്ടര്‍ പട്ടികയിലേക്ക് തിരികെ ചേര്‍ത്തത്.
#WestBengalElections2026, #BengalPolls, #MamataBanerjee, #Amit Shah, #TMC vs BJP, #VoterTurnout, #91LakhDeleted, #SIR, #ElectoralRolls, #Murshidabad, #NRC, #ElectionCommission, #PoliticalNews, #MalayalamNews, #BengalElectionUpdates #WestBengalElections, #BengalVoterTurnout, #SanjuSamson, #TMC, #BJP, #MamataBanerjee, #AmitShah, #ElectionCommissionOfIndia, #ElectoralReforms, #SIRIndia, #BengalPolitics, #NRCUpdate, #IndiaElections2026, #WestBengalNews, #PollingRecord





