Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

മുജ്തബയ്ക്ക് എന്തു പറ്റി? രാജ്യം നിയന്ത്രിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’; പരിക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; കൃത്രിമ കാല്‍ ഘടിപ്പിച്ചെന്നും സൂചന; എല്ലാം ഐആര്‍ജിസിയുടെ കൈയില്‍; സൈനിക ഭരണത്തിനു തുല്യം

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരെ ആശ്രയിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ജനറൽമാരുടെ ബോര്‍ഡിന്‍റെ ഉപദേശത്തെ ആശ്രയിച്ചാണ് ഇറാനിലെ ഭരണമെന്നും ബോർഡിന്റെ ഡയറക്ടർ എന്ന നിലയിലാണ് മുജ്തബ പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ബോര്‍ഡാണ് കൂട്ടായി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ബോർഡ് അംഗങ്ങളുടെ ഉപദേശത്തെയും മാർഗനിർദേശത്തെയും മുജ്തബ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും മുൻ ഇറാനിയൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ സഹായിയും മുജ്തബ ഖമനയിയോട് അടുത്ത ബന്ധവുമുള്ള അബ്ദുൾറേസ ദാവാരി പറയുന്നു. മുജ്തബയുടെ സുരക്ഷ, യുഎസ്– ഇസ്രയേല്‍ ആക്രമണത്തിലേറ്റ പരുക്കുകൾ, ചികില്‍സ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ തീരുമാനമെടുക്കൽ ജനറൽമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനയിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ആക്രമണത്തില്‍ നിന്നും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. മുജ്തബയെ ഇസ്രയേല്‍‌ ട്രാക്ക് ചെയ്യുന്നതും ആക്രമിക്കുന്നതും തടയുന്നതിനായി, മുതിർന്ന നേതാക്കൾ പോലും അദ്ദേഹത്തെ സന്ദർശിക്കുന്നത് നിർത്തിവച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവിൽ ആരോഗ്യമന്ത്രിയും ഇറാൻ പ്രസിഡന്റുമായ മസൂദ് പെസഷ്കിയാന്‍റെ മേൽനോട്ടത്തിലാണ് മുജ്തബയുടെ ചികിത്സ. മാത്രമല്ല, ഇതുവരെ രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രമേ മുജ്തബ പുറപ്പെടുവിച്ചിട്ടുള്ള. സ്വന്തം ശബ്ദത്തില്‍പോലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Signature-ad

മുജ്തബ ഖമനയിക്ക് യുദ്ധത്തില്‍ മാരകമായ പരുക്കേറ്റെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. വ്യോമാക്രമണത്തില്‍ മുജ്തബയുടെ മുഖം തകര്‍ന്നുവെന്നും കാലുകള്‍ക്ക് സാരമായ പരുക്ക് പറ്റിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. യുദ്ധത്തില്‍ മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്നും ജീവനോടെയുണ്ടെങ്കില്‍ അംഗവൈകല്യം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ തങ്ങളുടെ പരമോന്നത നേതാവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം മാനസികമായി ശക്തനും സജീവവുമാണെന്നാണ് ഇറാന്‍റെ അവകാശവാദം.

മുജ്തബ ഖമനയുടെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയതായും കൃത്രിമ കാൽ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൈക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്, മുഖത്തും ചുണ്ടുകളിലും ഗുരുതരമായ പൊള്ളലേറ്റതിനാൽ സംസാരിക്കാൻ പോലും പ്രയാസമാണ്. പ്ലാസ്റ്റിക് സർജറി പോലും ആവശ്യമായി വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാം ഐആര്‍ജിസിയുടെ കയ്യില്‍

ഇറാനെ നിലവിൽ നിയന്ത്രിക്കുന്നത് റെവല്യൂഷണറി ഗാർഡുകളാണ്. അഹമ്മദ് വാഹിദിയാണ് ഐആര്‍ജിസിയുടെ തലവന്‍. മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൾഗാദർ ഇപ്പോൾ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തലവനാണ്. ആയത്തുല്ല അലി ഖമനയിയുടെ മുതിർന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച യഹ്യ റഹിം സഫാവി ഇപ്പോള്‍ മകനിലും വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

തന്ത്രപ്രധാനമായ ഭരണ കാര്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാറ്റിനിർത്തിയിരിക്കുകയാണ്. രാജ്യത്തെ രാജ്യത്തെ ക്രമസമാധാന നില കാത്തുസൂക്ഷിക്കുക, ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുക, ദൈനംദിന ഭരണം സുഗമമായി നടത്തുക എന്നിവയാണ് പ്രസിഡന്റിന്റെയും മന്ത്രിസഭയുടെയും ചുമതലകൾ. നയതന്ത്ര അധികാരം പോലും മാറിയിട്ടുണ്ട്. മുന്‍പ് അമേരിക്കയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയാണെങ്കില്‍ ഇന്ന് പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ്.

ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ ആക്രമണങ്ങള്‍ ഹോര്‍മൂസിലെ തീരുമാനങ്ങള്‍ തുടങ്ങി തന്ത്രപരമായ സൈനിക തീരുമാനങ്ങൾ ഗാർഡുകളുടെ നേതൃത്വത്തിലാണ് എടുക്കുന്നത്. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറുകൾക്ക് നേതൃത്വം വഹിക്കുന്നതും നേരിട്ടുള്ള ചർച്ചകൾക്ക് അനുമതി നൽകുകയും ചെയ്യുന്നതും ഐആര്‍ജിസിയാണ്. ആദ്യമായി അമേരിക്കയുമായുള്ള ഇറാന്റെ ചർച്ചാ സംഘത്തിലും മുതിർന്ന ഗാർഡ് കമാൻഡർമാർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: