ഇടുക്കി: ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ ഇനി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പുല്‍മേടുകളില്‍ വിഹരിക്കും. മേദകാനത്തിന് സമീപത്തെ സീനിയറോടയിലാണ് വനംവകുപ്പ് അരികൊമ്പനെ തുറന്ന് വിട്ടത്. ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കുന്ന പ്രദേശത്താണ് ആനയെ തുറന്ന് വിട്ടത് എന്നതിനാല്‍ കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങില്ലെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആനയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ചിന്നക്കനാലില്‍ നിന്നു കൊണ്ട് വന്ന ആനയെ പുലര്‍ച്ചെ നാലോടെയാണ് മേദകാനത്ത് തുറന്നുവിട്ടത്. ഇവിടെ നിന്നും ആന ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് കയറിപ്പോയിട്ടുണ്ട്. റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്‌നലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നാണ് വിലയിരുത്തല്‍.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ 300 ഏക്കറിലധികം വരുന്ന പുല്‍മേട്ടിലേക്കാണ് ചിന്നകനാലില്‍ നിന്ന് അരിക്കൊമ്പനെ എത്തിച്ചിരിക്കുന്നത്. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കുമെന്നതാണു സീനിയറോട തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. കടുത്ത വേനലില്‍ പോലും വെള്ളം ലഭിക്കുന്ന മേദകാനം, സീനിയറോട, മുല്ലക്കുടി, താന്നിക്കുടി ഉള്‍വനങ്ങളുടെ സവിശേഷത് മുളങ്കാട്, ഈറ്റക്കാനം, ഇടതൂര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്ല് എന്നിവയാണ്.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ വെള്ളവും തീറ്റയും ലഭ്യമാണെന്ന് കാണിച്ച് വനം വകുപ്പ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആനയെ വാഹനത്തില്‍ എത്തിക്കാനുള്ള സൗകര്യവും ജനവാസ മേഖലയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനമാണെന്നതുമാണ് ഈ സ്ഥലം തെരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം. സീനിയറോടയുടെ ഒരു ഭാഗം മുല്ലക്കുടിയും മറുഭാഗം തമിഴ്‌നാട് വനമേഖലയുമാണ്. തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ നിന്ന് ഇവിടേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. അതുകൊണ്ട് തന്നെ അവിടേക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍.
മിക്കപ്പോഴും ആനകളെ കൂട്ടമായി കാണുന്ന പ്രദേശം കൂടിയാണ് അരിക്കൊമ്പനെ തുറന്നുവിട്ട വനമേഖല. ഇവയുമായി അരിക്കൊമ്പന്‍ ചങ്ങാത്തത്തിലായാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ ഇടയില്ലെന്നും വനംവകുപ്പ് കണക്കുകൂട്ടുന്നു. മുല്ലക്കുടിയിലും മേദകാനത്തും ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഉള്ളതിനാല്‍ ആനയുടെ നീക്കം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യാം.