പത്തനംതിട്ട: ഏഴു വയസുളള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് 66 വര്‍ഷം കഠിന തടവും 1.60 ലക്ഷം പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി.പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജ് ജയകുമാര്‍ ജോണാണ് വിധിപ്രസ്താവം നടത്തിയത്.പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പുപ്രകാരവുമാണ് ശിക്ഷ.പത്തനംതിട്ട പ്രക്കാനം സ്വദേശിയായ പിതാവിനാണ് ശിക്ഷ.
2021ലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റുള്ളവര്‍ ഉറങ്ങി കഴിയുമ്ബോള്‍ മകളെ എടുത്തു അടുക്കളയില്‍ കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നത്. പെണ്‍കുട്ടിയുടെ മാതാവ് സ്‌കൂളിലെ അദ്ധ്യാപകരെ വിവരം ധരിപ്പിക്കുകയും ഇവര്‍ കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞശേഷം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.രാജേഷ്, അയൂബ് ഖാന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.