ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ ഇന്ത്യയിൽ പത്താമത്തെ ഫാക്ടറി തുറക്കുന്നു. എഫ്‌എംസിജി കമ്പനിക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്. ഫാക്ടറി നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലത്തിനായി അന്വേഷണം നടത്തുകയാണെന്ന് നെസ്‌ലെയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025-ഓടെ രാജ്യത്ത് 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നെസ്‌ലെ പ്രഖ്യാപിച്ചിരുന്നു.
കിഴക്കേ ഇന്ത്യയിലായിരിക്കും നെസ്‌ലെ പുതിയ ഫാക്ടറി നിർമ്മിക്കുക എന്നാണ് സൂചന. ഇന്ത്യയിൽ ഒരു പുതിയ ഫാക്ടറിയുടെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നെസ്‌ലെയുടെ പത്താമത്തെ ഫാക്ടറി ആയിരിക്കുമെന്നും സുരേഷ് നാരായണൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നെസ്‌ലെയുടെ ഉൽപ്പാദന യൂണിറ്റുകളൊന്നും ഇല്ലാത്ത രാജ്യത്തിൻറെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരിക്കും പുതിയ ഫാക്ടറി എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 5,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായി നെസ്‌ലെ ഇന്ത്യയിലെ ഉത്പാദന ശേഷി വിപുലീകരിക്കുന്നുണ്ട്. നെസ്‌ലെയുടെ ഏറ്റവും പുതിയ പ്ലാന്റായ സാനന്ദിൽ ണ്ടാം ഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കുകയും മൂന്നാം ഘട്ടത്തിന് അനുമതി നൽകുകയും ചെയ്തു. ഏകദേശം 1,500 മുതൽ 2,700 കോടി വരെ ആദ്യഘട്ട വിപുലീകരണത്തിനു എടുക്കും എന്ന് സുരേഷ് നാരായണൻ വ്യക്തമാക്കി.
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഫ്എംസിജി മേഖലയിൽ തീർക്കുന്ന വെല്ലുവിളികളെയും വിലയുദ്ധത്തെയും മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവയെ ബഹുമാനിക്കുന്നതായി സുരേഷ് നാരായണൻ പറഞ്ഞു. മത്സരത്തെ ഞാൻ ബഹുമാനിക്കുമ്പോൾ, ഞാൻ അതിനെ ഭയപ്പെടുന്നില്ല, കാരണം ഒരു കമ്പനി എന്ന നിലയിൽ മത്സരത്തെ അഭിമുഖീകരിക്കാനുള്ള ശക്തി ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ഉപഭോക്താക്കൾ വിലകൊണ്ട് മാത്രം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നില്ലെന്നും നാരായണൻ പറഞ്ഞു.