IndiaNEWS

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു; മരണകാരണം കണ്ടെത്താനായില്ല

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ ഒരെണ്ണം നേരത്തെ ചത്തിരുന്നു. കഴിഞ്ഞ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയാണ് ചത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.

അതേസമയം കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലിയായ സിയായ കഴിഞ്ഞ ദിവസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ അന്ന് പറഞ്ഞിരുന്നു. നേരത്തെ ആശയെന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ​ഗർഭം അലസിയിരുന്നു. എന്നാൽ സാഷക്ക് പിന്നാലെ ഉദയും ചത്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്താണ് ഉദയിന്‍റെ മരണകാരണം എന്നറിയാനുള്ള ശ്രമത്തിലാണ് ഏവരും.

Signature-ad

കുനോ ദേശീയ ഉദ്യാനത്തിലെത്തിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോ​ഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെയാണ് സാഷ ചത്തത്. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോ​ഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നുവെന്നാണ് മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ക്രിയാറ്റിനൻ അളവ് വർധിച്ചത് കാരണം വൃക്കകളുടെ പ്രവർത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തിയിരുന്നു.

Back to top button
error: