NEWSPravasi

യുഎഇയില്‍ മൂന്ന് വയസുകാരിയെ കാറിനുള്ളിലിരുത്തി മാതാപിതാക്കള്‍ ബന്ധുക്കള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാന്‍ പുറത്തുപോയി; കുട്ടി ഗുരുതരാവസ്ഥയില്‍

റാസൽഖൈമ: യുഎഇയിൽ പെരുന്നാൾ ദിനത്തിൽ ഏറെ നേരം കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ ബന്ധുക്കൾക്ക് പെരുന്നാൾ ആശംസകൾ നേരാൻ പുറത്തുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ താമസിക്കുന്ന അറബ് ദമ്പതികളുടെ കുട്ടിയാണ് ജീവൻ തന്നെ അപകടത്തിലാവുന്ന സാഹചര്യം അതിജീവിച്ചത്.

കാറിന്റെ ഡോറുകളും വാതിലുകളും പൂർണമായി അടച്ചിരുന്നു. എ.സി പ്രവർത്തിക്കുന്നുമുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കുട്ടി കാറിനുള്ളിലാണെന്ന വിവരം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സഖർ‍ ഗവൺമെന്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. പ്രത്യേക മെഡിക്കൽ സംഘം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Signature-ad

കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ തന്നെ നഷ്ടമായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോവുന്നതിനെതിരെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിരന്തരം ബോധവത്കരണം നടത്താറുണ്ട്. ഇത്തരത്തിൽ കുട്ടികളെ വാഹനത്തിൽ ഇരുത്തി പുറത്തുപോവുന്നത് നിയമപ്രകാരം കുറ്റകരവുമാണ്.

Back to top button
error: