അമൃത്സര്‍: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങിയത് ഗത്യന്തരമില്ലതെയെന്ന് റിപ്പോര്‍ട്ട്. മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു കീഴടങ്ങല്‍. കൊലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മസ്ഥലമാണ് മോഗ. അമൃത്പാലിനെ അദ്ദേഹത്തിന്റെ അനുയായികള്‍ ‘ഭിന്ദ്രന്‍വാല രണ്ടാമന്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
പോലീസ് ഗുരുദ്വാര വളഞ്ഞുവെന്ന് മനസിലാക്കിയ അമൃത്പാല്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഗുരുദ്വാരയുടെ പവിത്രത കണക്കിലെടുത്ത് പോലീസ് അവിടേക്ക് കയറിയിരുന്നില്ലെന്നും പഞ്ചാബ് പോലീസിലെ ഐ.ജിയായ സുഘ്ചൈന്‍ സിങ് പറഞ്ഞു. അമൃത്പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചാബ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അമൃത്പാലിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റും. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഇവിടെയാണ് തടവിലിട്ടിരിക്കുന്നത്.
മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായി പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരിച്ചില്‍ തുടരുകയായിരുന്നു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന് ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു. അസം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാളുടെ അനുയായികളാണ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് ഈ രഹസ്യം വെളിപ്പെടുത്തിയത്.