ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്.
ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതല്‍ പേരെ ബോട്ടുകളില്‍ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍, കുവൈറ്റ്, ഖത്തര്‍ ഈജിപ്ത്, ടുനീഷ്യ, ബള്‍ഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, കാനഡ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങള്‍. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്നുവരികയാണ്. ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.