KeralaNEWS

ഭീഷണിക്കത്ത് കൊച്ചി സ്വദേശിയുടെ പേരില്‍; വ്യക്തിവിരോധം തീര്‍ക്കാന്‍ ചെയ്തതെന്ന് വീട്ടുകാര്‍

കൊച്ചി: കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശിയുടെ പേരില്‍. ജോസഫ് ജോണ്‍ എന്നയാളുടെ പേരില്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയാണ് കത്ത് അയച്ചിട്ടുള്ളത്. പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ജോസഫിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

താന്‍ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ജോസഫ് അധികൃതരെ അറിയിച്ചത്. തന്നെ കുടുക്കാന്‍ ബോധപൂര്‍വം ചെയ്തതാണ് ഇതെന്നാണ് ജോസഫ് പറയുന്നത്. ചെയ്ത ആളെ അറിയാമെന്നും ജോസഫ് പറഞ്ഞു. വിവരങ്ങള്‍ ജോസഫ് പൊലീസിനും മറ്റ് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വ്യക്തിവിരോധമുള്ള ആളാണെന്ന് ജോസഫിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. സംശയമുള്ള ആളുടെ കൈയക്ഷരവും കത്തിലെ കൈയക്ഷരവും തമ്മില്‍ സാമ്യമുണ്ടെന്നും അവര്‍ പറഞ്ഞു.

Signature-ad

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുന്‍പ് കത്ത് ലഭിച്ചത്. ഇതു പോലീസിനു കൈമാറുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ഇന്റലിജന്‍സ് വകുപ്പും അന്വേഷിക്കുന്നുണ്ട്.

നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് അടക്കമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

 

Back to top button
error: