കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല. സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു മണിക്കൂറിലധികം സഭാ ആസ്ഥാനത്ത് ചെലവഴിച്ച മന്ത്രി കര്‍ദിനാളിനൊപ്പം പ്രാതലും കഴിച്ച ശേഷമാണ് മടങ്ങിയത്. വൈകുന്നേരം കോട്ടയത്ത് റബര്‍ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് വളരെയധികം കുറഞ്ഞെന്ന് ജോണ്‍ ബര്‍ല കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യന്‍ സഭകളുമായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ എത്തിയതാണ് അദ്ദേഹം. കേരളത്തിലെത്തിയ മന്ത്രി ബിജെപി നേതാക്കന്മാര്‍ക്കൊപ്പം മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി സന്ദര്‍ശിക്കുകയും പുരോഹിതര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും മന്ത്രിയെത്തി. രണ്ടു സ്ഥലത്തും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതികളെക്കുറിച്ചും മറ്റും സംസാരിച്ചുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, ക്രൈസ്തവസഭകളുമായി ബിജെപി നടത്തുന്ന ചര്‍ച്ചകളെപ്പറ്റി സൂക്ഷ്മതയോടെ മാത്രമേ പ്രതികരിക്കാവൂയെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. സമീപകാല തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ വോട്ടുകള്‍ ചെറിയതോതിലെങ്കിലും ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍. പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ അപ്രതീക്ഷിതമായി ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് ചായുന്നെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ബൂത്ത് തലത്തില്‍ ലഭിച്ച വോട്ടുകള്‍ വിശകലനം ചെയ്താണ് സിപിഎം വിലയിരുത്തലിലേക്ക് എത്തിയത്. ഇതു പ്രതിരോധിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ജാഗരൂകരാകണമെന്ന് നേതൃത്വം നിര്‍ദേശിക്കുന്നു.