CrimeNEWS

എറിഞ്ഞു വീഴ്ത്തി തല്ലിച്ചതച്ചു; വനിതാ ഉദ്യോഗസ്ഥയെയും സംഘത്തെയും ആക്രമിച്ച് മണല്‍മാഫിയ

പട്ന: ബിഹാറില്‍ വനിതാ ഇന്‍സ്പെക്ടര്‍ അടക്കമുള്ള മൈനിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മണല്‍മാഫിയയുടെ ആക്രമണം. ബിഹ്തയിലെ അനധികൃത മണല്‍ഖനനം പരിശോധിക്കാനെത്തിയ സംഘത്തിന് നേരേയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

Signature-ad

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘത്തിന് നേരേ കല്ലെറിയുകയും വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വനിതാ മൈനിങ് ഇന്‍സ്പെക്ടറായ അമ്യ കുമാരി, ജില്ലാ മൈനിങ് ഓഫീസര്‍ കുമാര്‍ ഗൗരവ്, മൈനിങ് ഇന്‍സ്പെക്ടര്‍ സയ്യിദ് ഫര്‍ഹിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ബിഹ്തയിലെ കോയില്‍വാര്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കെത്തിയതോടെ മണല്‍മാഫിയ ഗുണ്ടകള്‍ ഇവര്‍ക്ക് നേരേ കല്ലേറ് ആരംഭിച്ചു. ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കല്ലേറില്‍ പരുക്കേറ്റ് നിലത്തുവീണിട്ടും ഉദ്യോഗസ്ഥരെ മര്‍ദിക്കുന്നത് തുടര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 44 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 50 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Back to top button
error: