ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്. മുകുള്‍ റോയിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭ്രഗ്ഷു റോയ് പരാതി നല്‍കിയതിന് പിന്നാലെയാണ് മുകുള്‍ റോയ് ഡല്‍ഹിയിലെത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് മകന്‍ കൊല്‍ക്കത്ത വിമാനത്താവള പോലീസ് സ്റ്റേഷനില്‍ ഡല്‍ഹിയിലേക്ക് തിരിച്ച മുകുള്‍ റോയിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്.
തിങ്കളാഴ്ച രാത്രി 9.55 ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ മുകുള്‍ റോയ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
69 വയസുകാരനായ മുകുള്‍ റോയ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി വീഡിയോയില്‍ വ്യക്തമാണ്. ഡല്‍ഹിയിലേക്ക് വന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ദീര്‍ഘകാലം പാര്‍ലമെന്റ് അംഗമായിട്ടുള്ള തനിക്ക് ഡല്‍ഹിയില്‍ വരുന്നതിന് എന്താണ് തടസ്സമെന്നായിരുന്നു മറുപടി. ‘ഞാന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ ഒരു പ്രത്യേക ജോലിക്ക് വന്നതാണ്. എനിക്ക് ഡല്‍ഹിക്ക് വരാന്‍ പറ്റില്ലേ? ഞാന്‍ എംപിയായിരുന്നു’ മുകുള്‍ റോയ് പ്രതികരിച്ചു.
ഇതിനിടെ മുകുള്‍ റോയിയുടെ ഡല്‍ഹിയാത്ര വീണ്ടും ബിജെപിയിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. പ്രത്യേക രാഷ്ട്രീയ കാരണമല്ല തന്റെ ഡല്‍ഹി സന്ദര്‍ശനമെന്നാണ് മുകുള്‍ റോയ് പറഞ്ഞത്.
തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ച മുകുള്‍ റോയിയെ പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ പോലീസില്‍ പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായി അറിയപ്പെട്ടിരുന്ന മുകുള്‍ റോയ് 2017-ല്‍ മമതയുമായി തെറ്റി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി അദ്ദേഹത്തെ ദേശീയ ഉപാധ്യക്ഷനാക്കി നിയമിക്കുകയും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മകനോടൊപ്പം തൃണമൂലില്‍ തിരിച്ചെത്തി.