കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്റെ പരാതി. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്കുപോയ തന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് മകന്‍ സുഭര്‍ഗ്ഷു റോയി പരാതി നല്‍കിയിരിക്കുന്നത്. വിമാനത്താവള പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ജിഇ 898 വിമാനത്തിലാണ് മുകുള്‍ റോയ് ഡല്‍ഹിക്കു പോയത്. രാത്രി 9.55ന് വിമാനം ഡല്‍ഹിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷുവിന്റെ പരാതി.
തിങ്കളാഴ്ച പിതാവും മകനും തമ്മില്‍ വഴക്കുണ്ടായെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയുടെ മരണശേഷം ഓര്‍മക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ റോയിയെ അലട്ടുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ഒന്നര വര്‍ഷമായി സജീവ രാഷ്ട്രീയത്തിലില്ല. തൃണമൂലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നു. 2017ല്‍ ബിജെപിയിലെത്തിയ റോയി 2021ല്‍ തൃണമൂലില്‍ തിരിച്ചെത്തി.