തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി.
സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. അടയ്ക്ക വില്‍പ്പനക്കാരനായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടുത്തിടെ അടയ്ക്ക മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സിസിടിവി ക്യാമറയില്‍ സന്തോഷ് വീടിന് പുറത്തുള്ളതായി ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയും സംഘംചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തെന്നാണ് ആരോപണം. സന്തോഷിനെ മര്‍ദിച്ചിട്ടില്ലെന്നും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മതിലില്‍നിന്ന് വീണ് പരിക്കേറ്റതെന്നുമാണ് കുറ്റാരോപിതരുടെ വിശദീകരണം.
അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസില്‍ നാലുപേര്‍ അറസ്റ്റിലായി. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധു അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ് പിടിയിലായത്.