CrimeNEWS

സമാജ്വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹ്‌മദും സഹോദരനും കൊല്ലപ്പെട്ടത് ക്യാമറകള്‍ക്കു മുന്നില്‍

ലഖ്‌നൗ: ഗുണ്ടാത്തലവനും കൊടും ക്രിമിനലുകളില്‍ ഒരാളും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായിരുന്ന ആതിഖ് അഹ്‌മദിനെയും സഹോദരനെയും വെടിവച്ചുകൊന്നു. ജയിലില്‍ കഴിയുന്ന ആതിഖിനെ പ്രയാഗ്രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. ആതിഖിന്റെ സഹോദരന്‍ അഷ്‌റഫ് അഹ്‌മദും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.

Signature-ad

പോലീസ് റിമാന്‍ഡിലിരിക്കെയാണ് അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയായ ഇയാള്‍ നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ആതിഖിന്റെ തലയ്ക്കു ചേര്‍ത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരന്‍ അഷ്‌റഫിനു നേരെയും നിരവധി തവണ വെടിയുതിര്‍ത്തു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ യുപി പോലീസ് പിടിയിലായി. സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പ്രയാഗ്രാജിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവര്‍ എത്തിയതായി കരുതുന്ന രണ്ടു മോട്ടര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രിയുടെ സാന്നിധ്യത്തില്‍ പൊലീസ് ഫൊറന്‍സിക് പരിശോധന നടത്തി.

വെടിവയ്പ്പില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനു പരുക്കേറ്റു. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവര്‍ത്തകനും വീണ് പരുക്കേറ്റു. കൊല്ലപ്പെട്ട ആതിഖിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ എസ്ആര്‍എന്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കി.

 

Back to top button
error: