ഇന്ത്യയിലെ ഏക തുരുത്തിനെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ദേശീയ നേതൃത്വം തന്നെ ,വിഷയത്തിൽ കൈകോർത്ത് കാരാട്ടും യെച്ചൂരിയും ,മുഖ്യമന്ത്രി “ഫസ്റ്റ് എമങ് ഈക്വല്സ് “ആണെന്ന് തോമസ് ഐസക് സെക്രട്ടറിയേറ്റിൽ പറയാൻ കാരണം യെച്ചൂരിയുടെ ഫോൺ കാൾ
കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ വിഭാഗീയതയ്ക്ക് കാരണമാവരുതെന്ന നിലപാട് എടുത്തത് സിപിഐഎം ദേശീയ നേതുത്വം .മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങരുത് എന്ന് തോമസ് ഐസക്കിന് മുന്നറിയിപ്പ് നൽകിയതും ദേശീയ നേതൃത്വം .
കെ എസ് എഫ് ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയെ ചോദ്യം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന് ആദ്യം താക്കീത് നൽകിയത് ദേശീയ നേതൃത്വം തന്നെ .അനാവശ്യ വിവാദങ്ങൾ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പാർട്ടിയെ നാശത്തിലേക്ക് മാത്രമേ നയിക്കൂ എന്ന് ദേശീയ നേതുത്വം ഐസക്കിനോട് വ്യക്തമാക്കി .
കാരാട്ടും യെച്ചൂരിയും കൂടിയാലോചിച്ച് യെച്ചുരിയാണ് ദേശീയ നേതൃത്വത്തിന്റെ വികാരം ടെലിഫോണിലൂടെ ഐസക്കിനെ അറിയിച്ചത് .അതിനു ശേഷം അടിയന്തിര സെക്രട്ടേറിയറ്റ് യോഗം കൂടാൻ നിർദേശം നൽകിയതും യെച്ചൂരി തന്നെയാണ് .
സെക്രട്ടറിയേറ്റിന് മുമ്പുള്ള വാർത്താ സമ്മേളനങ്ങളിൽ കണ്ട ഐസക്ക് അല്ലായിരുന്നു യോഗത്തിൽ കണ്ടത് .വിജിലൻസിൽ റെയ്ഡിൽ ആശങ്ക അറിയിച്ചെങ്കിലും “ഫസ്റ്റ് എമംഗ് ഈക്വല്സ് “എന്നാണ് ഐസക്ക് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത് .കെ എസ് എഫ് ഇ യുടെ സെക്രട്ടേറിയറ്റ് ചുമതലയുള്ള ആനത്തലവട്ടം ആനന്ദൻ ആകട്ടെ തെറ്റുപറ്റിപ്പോയി എന്ന നിലയിൽ തന്നെയായിരുന്നു .
റെയ്‌ഡും പരിശോധനയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിയാതെ പോയതാണ് ഐസക്കിനും ആനത്തലവട്ടത്തിനും പറ്റിയ പിശകെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .റെയ്ഡ് നടന്നിട്ടില്ലെന്നും പരിശോധന മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .
വേറെയാരും ഐസക്കിനും ആനത്തലവട്ടത്തിനും പിന്തുണയുമായി വന്നതുമില്ല .ഈ വിഷയം ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞാണ് യോഗം അടുത്ത അജണ്ടയിലേയ്ക്ക് കടന്നത് .