ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു.

പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുളളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയത്. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കരന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വപ്നയുടെ മൊഴികള്‍ ശിവശങ്കര്‍ നിഷേധിക്കുകയാണ്. ഡോളര്‍ക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.

അതേസമയം, ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. സ്വര്‍ണക്കടത്ത് കേസില്‍ 23ആം പ്രതിയാണ് ശിവശങ്കര്‍.

Leave a Reply

Your email address will not be published. Required fields are marked *