കൊച്ചി: അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം മറ്റൊരിടം കണ്ടെത്താനില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പറമ്പിക്കുളം ശിപാര്‍ശ ചെയ്തത്. പറമ്പിക്കുളത്ത് ആവശ്യത്തിന് വെള്ളവും തീറ്റയുമുണ്ട്. കാട്ടാനകളുടെ എണ്ണവും കുറവാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
പറമ്പിക്കുളത്ത് 2000 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയുണ്ട്. പറമ്പിക്കുളം തെരഞ്ഞെടുത്തത് വനംവകുപ്പിന്റെ രണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന് പ്രായോഗികമല്ലെന്നും വിദഗ്ധ സമിതി സൂചിപ്പിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിട്ടാല്‍ പ്രത്യേകനിരീക്ഷണ സംവിധാനം വേണം. നിരീക്ഷിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണം. അരിക്കൊമ്പനെ കാടുമാറ്റാനുള്ള ട്രയല്‍ റണ്ണിന് സുരക്ഷ ഉറപ്പാക്കണം. ഇതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
അരിക്കൊമ്പന്റെ കാടുമാറ്റത്തില്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
അരിക്കൊമ്പനെ കൂട്ടിലടയ്ക്കേണ്ടെന്നും പറമ്പിക്കുളത്തേക്കോ മറ്റെവിടേക്കെങ്കിലോ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മറ്റു സ്ഥലങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനരോഷം ഉയരും എന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ആ പ്രദേശത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.