ലഖ്‌നൗ: ഗുണ്ടാത്തലവനും സമാജ്‌വാദിപാര്‍ട്ടി നേതാവുമായ ആദിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദ് അരമണിക്കൂറിലധികം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് യു.പി പോലീസ്. ഝാന്‍സിയില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദും ഷൂട്ടര്‍ ഗുലാമും കൊല്ലപ്പെട്ടത്. ഇരുവരേയും കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായാണ് അസദ് ഏറ്റുമുട്ടിയത്. ആകെ 42 റൗണ്ട് വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് അസദിനെ കണ്ടെത്തുമ്പോള്‍ ഇയാള്‍ വേഷപ്രച്ഛന്നനായി നടക്കുകയായിരുന്നു. അസദിന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെയാണ് ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് പോലീസിന് വിവരം കൈമാറുന്നത്.
അതേസമയം, അസദ് അഹമ്മദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ പരമാവധി ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍. പ്രതികള്‍ മോട്ടോര്‍സൈക്കിളിലാണ് രക്ഷപെടാന്‍ ശ്രമിച്ചത്. തങ്ങളുടെ കാര്‍ ഡ്രൈവര്‍ ഇവരെ മറികടക്കാന്‍ ശ്രമിച്ചു. ഇരവരുടേയും വാഹനം നിര്‍ത്തി കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ വേഗത കൂട്ടി മറ്റൊരു മണ്‍പാതയിലൂടെ രക്ഷപെടാന്‍ ശ്രമിച്ചു.
ഇതിനിടെ മറ്റൊരു സംഘവും അവരെ വളഞ്ഞിരുന്നു. സ്ഥലത്തുള്ള ഒരു മരത്തിന് സമീപത്തേക്ക് മോട്ടോര്‍ സൈക്കിളുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പോലീസിനെ ചീത്ത വിളിച്ച് കൊണ്ട് ഇവര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. തോക്ക് ഉപേക്ഷിച്ച് കീഴടങ്ങാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ അനുസരിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വെടിവയ്പ്പ് തുടര്‍ന്നതോടെ പോലീസും തിരിച്ചടിച്ചു. ഇതിനിടെ രണ്ട് പേര്‍ക്കും വെടിയേറ്റു. ജീവന്‍ പോയിട്ടില്ലെന്ന് വ്യക്തമായതോടെ രണ്ട് ആംബുലന്‍സുകളിലായി ഇരുവരേയും ആശുപത്രികളിലെത്തിച്ചെന്നും, ജീവന്‍ രക്ഷിക്കാനായില്ലെന്നും എഫ്ഐആറില്‍ പറയുന്നു. സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്ന് പിസ്റ്റളുകള്‍, ബുള്ളറ്റ് ഷെല്ലുകള്‍, ലൈവ് ബുള്ളറ്റുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, എന്നിവ കണ്ടെടുത്തിട്ടുണ്ട്.
അസദിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അസദിന്റെ സംസ്‌കാര ചടങ്ങുകള്‍.