KeralaNEWS

അരിക്കൊമ്പന്‍ വീട് ഇടിച്ചുതകര്‍ത്തു; അമ്മയും മകളും ഓടിരക്ഷപ്പെട്ടു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ അടുക്കളയും മുന്‍ഭാഗവും ആക്രമണത്തില്‍ തകര്‍ന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറയിട്ട നിലയിലാണ്. ഇത് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് കരുതുന്നത്.

Signature-ad

ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. മുമ്പ് ആക്രമിച്ചപ്പോള്‍ തകര്‍ന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകള്‍ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആ ഭാഗത്താണ് വീണ്ടും ആക്രമണം നടത്തിയത്.

”കാട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. ഇവിടെതന്നെ നിന്നിരുന്നെങ്കില്‍ ഞങ്ങളെ മൂന്നുപേരേയും കൊന്നേനെ. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാതെ ഞങ്ങള്‍ക്ക് ഇവിടെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല. ആനയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ഇവിടെ നിന്ന് മാറ്റിത്തരണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു. ആന പ്രേമികളുടെ അടുത്തേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റിതന്നാല്‍ മതി”- ലീലയുടെ മകള്‍ ആവശ്യപ്പെട്ടു.

 

Back to top button
error: