IndiaNEWS

ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മോദിയുടെ ബിരുദ വിവാദത്തില്‍ ശരദ് പവാര്‍

മുംബൈ: രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതു സമയം കളയല്‍ മാത്രമാണെന്നും രാജ്യം നേരിടുന്ന മറ്റു പ്രധാന പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എന്‍സിപി മേധാവി ശരദ് പവാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് അരവിന്ദ് കെജ്രിവാളും ഉദ്ധവ് താക്കറെയും ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം.

ഒരു പ്രധാന പ്രശ്നമായി പോലും കാണാനാവാത്ത ഇത്തരം കാര്യങ്ങള്‍ക്കു പിന്നാലെ പോകാതെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ കോളജ് ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ. മറ്റ് സുപ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ – പവാര്‍ പറഞ്ഞു.

Signature-ad

വിവിധ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന അദാനി വിഷയത്തിലും ഭിന്നാഭിപ്രായം പവാര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദത്തില്‍ അദാനിയെ അനുകൂലിക്കുന്ന നിലപാടാണ് പവാര്‍ സ്വീകരിച്ചത്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്. പവാറിന്റെ പാര്‍ട്ടിക്ക് അവരുടേതായ കാഴ്ചപ്പാട് ഉണ്ടായിരിക്കുമെന്നും എന്നാല്‍ മറ്റ് പ്രതിപക്ഷ കക്ഷികള്‍ എല്ലാം ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സംബന്ധിച്ച് പ്രധാനമായും വിവാദം ഉയര്‍ത്തുന്നത് എഎപിയാണ്. ‘നിങ്ങളുടെ ഡിഗ്രി കാണിക്കൂ’ എന്ന പേരില്‍ എഎപി പ്രചാരണ പരിപാടി തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ജനങ്ങളെ അറിയിക്കണമെന്നാണ് എഎപിയുടെ വെല്ലുവിളി. പ്രചാരണത്തിന്റെ ഭാഗമായി എഎപി നേതാക്കള്‍ തങ്ങളുടെ ഡിഗ്രി പ്രവര്‍ത്തകരെ അറിയിക്കും.

 

 

Back to top button
error: