ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യ എലിമിനേഷനിലേക്ക് കടക്കുമ്പോൾ പുറത്താവുക ഏത് മത്സരാർഥിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഹൗസിൽ ഉള്ള 18 മത്സരാർഥികളുടെ നോമിനേഷൻ പ്രകാരമുള്ള നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയൻ മിഥുൻ, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിൻ, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവിൽ എവിക്ഷൻ സാഹചര്യം നേരിടുന്നത്.
എവിക്ഷൻ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാർഥികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും അതിൻറേതായ സംഘർഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം. മറകൾക്കപ്പുറത്തുള്ള സ്വന്തം വ്യക്തിത്വം പലരും തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ട്. പ്രേക്ഷക പിന്തുണയിലെ ഏറ്റക്കുറച്ചിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വളരെ വ്യക്തമായി അറിയാനും സാധിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേരിൽ പ്രേക്ഷക പിന്തുണയിൽ മുന്നിലുള്ളവർ റിനോഷും വിഷ്ണുവനും ലച്ചുവും ആയിരിക്കും.
ഫിസിക്കൽ ടാസ്കുകളിൽ മികച്ച പ്രകടനം എപ്പോഴും നടത്താറുണ്ടെങ്കിലും അല്ലാതെ ഷോയിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം അനിയൻ മിഥുൻ ആദ്യം നേരിട്ടിരുന്നു. എന്നാൽ അവസാന വീക്കിലി ടാസ്കിലെ പെർഫോമൻസോടെ മിഥുൻ അത് പൊളിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാൻ മടിയില്ലാത്തയാൾ എന്ന ഇമേജ് ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആ അഭിപ്രായങ്ങളിൽ ചിലതൊക്കെ റെനീഷയ്ക്ക് ലഭിക്കേണ്ട വോട്ടിൽ പ്രതിഫലിച്ചേക്കാം. കോമണർ മത്സരാർഥി ഗോപിക ആദ്യം പ്രേക്ഷകപ്രീതി നേടിയിരുന്നെങ്കിലും പോകെപ്പോലെ അത് താഴുന്ന കാഴ്ചയാണ് കാണുന്നത്. മറ്റുള്ളവരിൽ നിന്നെല്ലാം വേറിട്ട, നിഷ്കളങ്കയായ മത്സരാർഥിയെന്ന ഇമേജ് ആണ് സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഏയ്ഞ്ചലിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ ഉള്ളത്.
എന്നാൽ മുൻ സീസണുകളിലെപ്പോലെ വലിയ ഫാൻ ബേസ് സൃഷ്ടിക്കുന്ന ഒറ്റ മത്സരാർഥി എന്ന സംഗതി ഇത്തവണ ഉണ്ടായിട്ടില്ല. പ്രേക്ഷക പിന്തുണയിൽ മുന്നിലുള്ള റിനോഷിന് പാട്ടും തമാശയും മാത്രമാണ് ഉള്ളതെന്നും ഗെയിമുകളെ സീരിയസ് ആയി എടുക്കുന്നില്ലെന്നും അഭിപ്രായമുള്ളവർ ഉണ്ട്. ലച്ചുവിനേക്കാൾ ഫാൻ ബേസ് സൃഷ്ടിച്ചിരിക്കുന്നത് വിഷ്ണുവാണ്. എന്നാൽ ബിഗ് ബോസ് ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കിയ 18 മത്സരാർഥികൾക്കിടയിൽ സ്ക്രീൻ സ്പേസ് സൃഷ്ടിക്കാൻ ഓരോരുത്തരും ബുദ്ധിമുട്ട് നേരിടുന്നു എന്നതാണ് വാസ്തവം.
വോട്ടിംഗ് പാറ്റേണിൽ വന്ന മാറ്റം ഇത്തവണത്തെ എവിക്ഷനുകളെ പ്രവചനാതീതമാക്കുന്ന ഒന്നാണ്. മുൻപ് ഒരു കാണിക്ക് ദിവസം 50 വോട്ടാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഒരു വോട്ടായി ചുരുങ്ങിയിട്ടുണ്ട്. അതിനാൽ മത്സരാർഥികൾക്കിടയിലുള്ള വോട്ടിംഗ് വ്യത്യാസം കാര്യമായി കുറയും. മത്സരാർഥികളുടെ ഓരോ ദിവസത്തെ പ്രകടനവും കഴിഞ്ഞ സീസണുകളേക്കാളൊക്കെ വോട്ടിംഗിൽ സ്വാധീനം ചെലുത്താവുന്ന സീസൺ കൂടിയാണ് ഇത്. ഏതായാലും മോഹൻലാലിൻറെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്നോ നാളെയോ ഒന്നോ അതിലധികമോ മത്സരാർഥികൾ പുറത്തായേക്കാം.