Breaking NewsLead NewsNEWSWorld

കൂച്ചുവിലങ്ങിടേണ്ടത് ട്രംപിന് തന്നെ? ഉപരോധം തുടരും- ട്രംപ്!! ഹോർമുസ് തുറന്നിരിക്കണമോ, അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞ ഇറാൻ നിലപാട് മാറ്റുന്നു… ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷ ഭീഷണി

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും നിർണായകമായ കടൽമാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയരുന്നു. അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഡൊണാൾഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പ് നൽകി.

എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ ഘാലിബാഫ് പറഞ്ഞു, ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ ഇനി മുതൽ ഇറാന്റെ അനുമതിയും നിർദ്ദിഷ്ട മാർഗരേഖയും പാലിച്ചായിരിക്കും യാത്ര തുടരുക. ഉപരോധം തുടർന്നാൽ കടലിടുക്ക് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

അതേസമയം പുതിയ പ്രസ്താവനയിറക്കുന്നതിനും മണിക്കൂറുകൾ മുമ്പ്, വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് പൂർണമായി തുറന്നതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഇതിന് മറുപടിയായി, ഇറാനുമായി കരാർ പൂർത്തിയാകുന്നതുവരെ നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചു. കരാർ വേഗത്തിൽ ഉണ്ടാകുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സൈനിക നടപടി ആരംഭിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഉപരോധം തുടരും, ആവശ്യമായാൽ വീണ്ടും ബോംബാക്രമണം ആരംഭിക്കേണ്ടിവരും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പിന്നാലെ ട്രംപിന്റെ പ്രസ്താവനകളെ ഘാലിബാഫ് തള്ളിക്കളഞ്ഞു. “യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല. ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക,” അദ്ദേഹം പറഞ്ഞു. ട്രംപ് ഒരു മണിക്കൂറിനെ ഏഴ് അവകാശ വാദങ്ങൾ ഉന്നയിച്ചെന്നും പല അവകാശവാദങ്ങളും തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

ഹോർമുസ് കടലിടുക്ക് ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന പ്രധാന മാർഗമാണ്. ഇറാൻ യുദ്ധകാലത്ത് ഇത് അടച്ചിടപ്പെട്ടതോടെ ആഗോള എണ്ണവിലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോൾ കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സുരക്ഷ ഉറപ്പുകൾ ലഭിക്കുന്നതുവരെ പല കപ്പൽ കമ്പനികളും യാത്ര പുനരാരംഭിക്കാൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, സമാധാന ചർച്ചകളിൽ സമ്പുഷ്ട യുറേനിയം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും തർക്കം തുടരുകയാണ്. അമേരിക്കയും ഇറാനും ചേർന്ന് ആണവവസ്തു നീക്കം ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ നിഷേധിച്ചു.

രാജ്യത്തിന്റെ യുറേനിയം സംഭരണം എവിടേക്കും മാറ്റില്ലെന്നതാണ് ഇറാന്റെ നിലപാട്. അതേസമയം ഹോർമുസ് ചുറ്റിപ്പറ്റിയ ഈ പുതിയ സംഘർഷാവസ്ഥ ആഗോള സാമ്പത്തിക മേഖലയിലും സുരക്ഷാ സാഹചര്യങ്ങളിലും വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: