തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എ.കെ. ആന്റണിയുടെ മകനെ പാർട്ടിയിലെത്തിച്ചത് ബി.ജി.പിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമായേക്കുമെന്ന് വിലയിരുത്തൽ. ക്രൈസ്തവ സഭാ നേതൃത്വവുമായും ബിഷപുമാരുമായും വലിയ ചങ്ങാത്തത്തിന് പോകാത്ത എ.കെ. ആന്റണിയും മകനും ഒരിക്കലും സഭയുടെ ഗുഡ് ബുക്കിൽ ഉള്ളവരല്ല. അതുകൊണ്ട് തന്നെ എ.കെ. ആന്റണിയുടെ മകന് സഭയെ ആകർഷിക്കാൻ കഴിയുമെന്ന് ബി.ജി.പിയിലെ വലിയൊരു വിഭാഗത്തിന് പ്രതീക്ഷയുമില്ല. അനിലിന്റെ വരവ് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ആകുമോ എന്ന ഭയവും ബി.ജി.പിയിലെ ഒരു വിഭാഗത്തിനുണ്ട്.
കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാവായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ കൂടൂമാറ്റം ബി.ജി.പിക്ക് നേട്ടമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തി കേരളത്തിൽ നേട്ടം കൊയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജി.പി. കരുക്കൾ നീക്കുന്നത്. എന്നാൽ ഇന്നേവരെ ന്യൂനപക്ഷങ്ങളോട് അടുപ്പം കാണിക്കാത്ത എ.കെ. ആന്റണിയുടെ മകനെ ഉപയോഗിച്ച് എങ്ങനെ ന്യൂനപക്ഷങ്ങളെ ബി.ജി.പിയിലേക്ക് ചായിക്കാൻ സാധിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചേദ്യം. അതുകൊണ്ട് തന്നെ ബി.ജി.പിയുടെ ഈ നീക്കം ഗുണത്തേക്കാൽ ഉപരി ദോഷം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും ബി.ജെ.പിയുടെ പല നേതാക്കളായും കൂടിക്കാഴ്ച്ചകളും ചർച്ചകളും നടത്തി ക്രൈസ്തവ സഭകളെ ബി.ജെ.പിയോട് കൂടുതൽ അടുപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി തന്നെ പുരോരമിക്കുകയാണ്. എന്നാൽ ഈ ന്യൂനപക്ഷങ്ങൾക്ക് താൽപ്പര്യമില്ലാത്ത ഒരു നേതാവിന്റെ മകനെ എടുത്ത് തലയിൽ വയ്ക്കുന്നത് ബി.ജെ.പിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബി.ജെ.പിയോ അവർ പിന്തുണയ്ക്കുന്ന കക്ഷികളോ ക്രൈസ്തവ സഭകളെ കൂട്ട് പിടിച്ചാണ് അധികാരത്തിൽ വന്നിട്ടുള്ളത്. ഇതേ അടവുകൾ ബി.ജെ.പിയും സംഘപരിവാറും കേരളത്തിൽ നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരിൽ ചിലരെങ്കിലും ബി.ജെ.പിയോട് കുറച്ച് അനുഭാവം പ്രകടിപ്പിക്കുന്ന നില വന്നെങ്കിലും ഭൂരിപക്ഷത്തിനും ബി.ജെ.പിയും സംഘപരിവാറും മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തോട് മമതയില്ല. എന്നാൽ അനിലിന്റെ ബി.ജെ.പി. പ്രവേശനത്തോടെ ന്യൂനപക്ഷങ്ങൾ കൂടുതൽ ആശയകുഴപ്പത്തിലായി. ഒരിക്കൽ പോലും തങ്ങളോട് സഹകരിക്കാത്ത ആന്റണിയുടെ മകൻ എങ്ങനെ സഭയെ സഹായിക്കുമെന്ന് ചോദ്യം പലരും ചോദിച്ചു തുടങ്ങി.
നസ്രാണികളെ കൂട്ടുപിടിച്ചാൽ കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ ഒന്നടങ്കം വിലക്കുവാങ്ങാൻ സാധിക്കുമെന്ന ബിജെപിയുടെ വ്യാമോഹത്തിൽനിന്ന് ഉണ്ടായതാണ് അനിൽ ആന്റണി എന്ന തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നവരുണ്ട്. അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ തുടങ്ങിയ പ്രമുഖരെ ബി.ജെ.പി. പാളയത്തിൽ എത്തിച്ചിട്ടും കേരളത്തിൽ ന്യൂനപക്ഷങ്ങളെ കൂടെ നിർത്തി വോട്ട് പിടിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. അന്ന് സാധിക്കാത്തത് അനിൽ ആന്റണിയുടെ വരവോടെ എങ്ങനെ സാധിക്കും ? ഇന്നേവരെ ഒരു പൊതുതെരഞ്ഞെടുപ്പ് പോലും നേരിട്ടിട്ടില്ലാത്ത, സ്വന്തം പാർട്ടിക്കുള്ളിൽ പോലും ഒരു തെരഞ്ഞെടുപ്പിൽ നിൽക്കാത്ത, അനിൽ ആന്റണിക്ക് ന്യൂനപക്ഷങ്ങളെ എങ്ങനെ കൂടാൻ നിർത്താൻ സാധിക്കും. കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച മീഡിയ സെൽ കോ-ഓർഡിനേറ്റർ ചുമതല പോലും വെടിപ്പിന് ചെയ്യാൻ സാധിച്ചിട്ടില്ല. അതോടെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുള്ളവരുടെ വിമർശനങ്ങൾ ഇരയാവുകയും ചെയ്തു.
കോൺഗ്രസ് പാർട്ടിയിലെ സാധാരണ പ്രവർത്തകർ വരെ അനിലിന്റെ ഉത്തരവാദിത്വമില്ലായ്മയെ വിമർശിച്ച് രംഗത്ത് എത്തിയതോടെ താൻ ഫീൾഡ് ഓട്ട് ആകുമെന്ന് ഉറപ്പിച്ചു. അതോടെ മറ്റ് മേച്ചിൽപ്പുറങ്ങൾ തേടി അനിൽ ഇറങ്ങി. എന്നാൽ കോൺഗ്രസ് വിട്ട് അനിൽ ആന്റണി ബി.ജെ.പിയിലേക്ക് ചേക്കേറിയത് കൊണ്ട് കോൺഗ്രസിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. കാരണം അനിൽ ആന്റണിയെ സംബന്ധിച്ച് കോൺഗ്രസ് എന്നത് ഒരു വികാരമോ ആവേശമോ ആയിരുന്നില്ല, മറിച്ച് പിതാവ് വഴി ലഭിച്ച ഒരു കളിപ്പാട്ടം മാത്രമായിരുന്നു. പിതാവ് നൽകിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് ബി.ജെ.പി. വാഗ്ധാനം ചെയ്തപ്പോൾ അനിൽ ആവഴിക്ക് പോയെന്ന് മാത്രം.