ഭോപാല്‍: മധ്യപ്രദേശില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ നേപാനഗര്‍ പോലീസ് സ്റ്റേഷന് നേരേയൊണ് ആക്രമണമുണ്ടായത്. അന്‍പതിലേറെ പേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആകെ നാല് പോലീസുകാരാണ് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ഹേമാ മെഗ് വാളിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയുമാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. കുപ്രസിദ്ധ കൊള്ളക്കാരനായ ഹേമ മേഗ് വാളിനെ ഏതാനുംദിവസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 32,000 രൂപ പാരിതോഷികവും നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു.
വിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇവരെയെല്ലാം ഉടന്‍ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.