കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷമെടുത്തിട്ട് പള്ളിയിൽ മോഷണം. മലയിടംതുരുത്ത് സെന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവർന്ന മോഷ്ടാവ് സിസിടിവിയിൽ പതിഞ്ഞു. മഖം മൂടിയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.
കിഴക്കമ്പലം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ബുധനാഴ്ച അർദ്ധ രാത്രിയാണ് മോഷ്ടാവ് എത്തിയത്. ശരീരവും തലയും തുണികൊണ്ട് മൂടിക്കെട്ടി പള്ളി പരിസരത്ത് എത്തിയ കള്ളൻ കയ്യിൽ കരുതിയ ആയുധം കൊണ്ട് ഓഫീസ് വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നു. പതിനെട്ട് മിനുട്ട് നേരം പരിശ്രമിച്ചെങ്കിലും പൊളിക്കാനായില്ല. തുടർന്ന് ഇയാൾ വികാരിയുടെ മുറി കുത്തിത്തുറന്നു. അലമാര വലിച്ചു വാരിയിട്ട് പരിശോധിച്ചു. വൈദികൻ പ്രാർത്ഥന സമയത്ത് ഉപയോഗിക്കുന്ന കറുത്ത കുപ്പായം ധരിച്ച് കള്ളൻ പുറത്ത് കടന്നു.
ആദ്യം പൊളിക്കാൻ ശ്രമിച്ച ഓഫീസ് വാതിലിന്റെ പൂട്ട് പണിപ്പെട്ട് കുത്തിത്തുറന്നു. അലമാരയുടെ പൂട്ട് പൊളിച്ച് നാൽപതിനായിരം രൂപ കൈക്കലാക്കി. വൈദിക വേഷത്തിൽ തന്നെ സ്ഥലം വിട്ടു. പെസഹ കുർബാന കഴിഞ്ഞ് ആളുകൾ പള്ളിയിൽനിന്ന് പോയ ശേഷമാണ് മോഷണം നടന്നത്. സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കിട്ടിയിട്ടില്ല. മുഖം പൂർണ്ണമായും മറച്ചതിനാൽ പ്രതിയെ തിരിച്ചറിയാനും കഴിഞ്ഞില്ല. സമാനമായ മോഷണക്കേസുകൾ പരിശോധിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.