
റായ്പുര്‍: വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. ഒന്നര വയസ്സുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു. ഛത്തീസ്ഗഡിലെ കബിര്‍ധാം ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിക്കു കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയില്‍ ഹോം തിയറ്റര്‍ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. തലസ്ഥാനമായ റായ്പുരില്‍നിന്ന് 200 കിലോമീറ്ററോളം മാറി മധ്യപ്രദേശ് അതിര്‍ത്തിയിലാണ് സംഭവം നടന്ന വീട്. ഈ പ്രദേശം മാവോയിസ്റ്റ് ബാധിതമാണ്.
ഏപ്രില്‍ ഒന്നിന് വിവാഹം കഴിഞ്ഞ ഹേമേന്ദ്ര മെറാവി(22), ജ്യേഷ്ഠന്‍ രാജ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍വച്ച് വിവാഹസമ്മാനങ്ങള്‍ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. പായ്ക്കറ്റില്‍നിന്നു തുറന്ന ഹേമേന്ദ്ര, വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഹേമേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജ്കുമാര്‍ ആശുപത്രിയില്‍ വച്ചും. പരുക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു.





