റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പട്ടം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ആറുപേരടങ്ങിയ കവര്‍ച്ചാ സംഘമാണ് ബിനുവിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ മോഷ്ടാക്കള്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.
അല്‍ മാസ് റസ്റ്ററന്റിന് പിന്നിലായിരുന്നു സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി മര്‍ദ്ദിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ബിനു. ബിനുവിന്റെ കൈകാലുകള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സംഘം അടിച്ചൊടിച്ചു. പേഴ്സും മൊബൈല്‍ ഫോണും തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു.
ഇരുകാലുകള്‍ക്കും ഗുരുതരമായ പരുക്ക് പറ്റി കഴിയുകയാണ് ബിനു ഇപ്പോള്‍. രണ്ട് കാലിലും പ്ലാസ്റ്ററിട്ട് മുറിയില്‍ കഴിയുകയാണ് ഇപ്പോള്‍. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ പോലും ഇദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. സുമനസ്സുകളുടെ സഹായം തേടുകയാണ് ബിനു ഇപ്പോള്‍. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ബിനു.