‘ഹൈക്കമാൻഡ് തീരുമാനം മാനിക്കുന്നു;അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും‘: മൗനം വെടിഞ്ഞ് ചെന്നിത്തല ‘പുതിയ മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്നത് മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ള കാര്യം‘
ഗുരുവായൂർ: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് യുഡിഎഫ് കൂട്ടായ പിന്തുണയോടെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ സർക്കാരിന് മുന്നിലുള്ളതെന്നും ജനങ്ങൾ അതിന് പൂർണ പിന്തുണ നൽകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും പുതിയ ഭരണത്തിന് വലിയ പ്രതീക്ഷകളാണ് മുന്നിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്നത് മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും അതുസംബന്ധിച്ച തീരുമാനം അദ്ദേഹം തന്നെയായിരിക്കും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മലയാള മാസത്തിന്റെയും ഒന്നാം തീയതി ഗുരുവായൂരിൽ ദർശനം നടത്തുന്നത് പതിവായ ചെന്നിത്തല ഇന്നലെ രാത്രി പതിനൊന്നോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനം നടത്തി ക്ഷേത്രചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയത്.






