പയ്യന്നൂർ: വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് ഇന്ന് (തിങ്കൾ) നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യ കോളജാണ് പയ്യന്നൂരിലേത്.
പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു.
കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ റോഡിൽ ഫിഷറീസ് കോളജിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
എറണാകുളത്തെ പനങ്ങാട് 1979ൽ ആരംഭിച്ച ഫിഷറീസ് കോളജാണ് സംസ്ഥാനത്തെ ആദ്യ ഫിഷറീസ് കോളജ്. രണ്ടാമത്തെ കോളജാണ് പയ്യന്നൂരിൽ തുടങ്ങുന്നത്. ഫിഷറീസ് മേഖലയിൽ പ്രത്യേകിച്ച് മത്സ്യകൃഷി രംഗത്ത് മലബാർ അഭിമുഖീകരിക്കുന്ന പിന്നാക്കവസ്ഥക്ക് ഇതോടെ ഒരളവുവരെ പരിഹാരമാകുമെന്ന് കുഫോസ് വി.സി പ്രഫ. ഡോ. റോസ്ലിൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫിഷറീസ്, സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർഥികൾക്ക് അനന്ത സാധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവകലാശാല എന്നറിയപ്പെടുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് (കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവകലാശാലയും കേരളത്തിലാണ്.
സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണിയും ജൈവവൈവിധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠനവിഷയമാക്കുന്നത്.
നിലവിൽ അഞ്ച് വർഷത്തേക്ക് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കിയിട്ടുള്ളത്. 40 കുട്ടികളാണ് ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) കോഴ്സുള്ള പയ്യന്നൂർ കേന്ദ്രത്തിൽ ഇപ്പോൾ പഠിക്കുന്നത്. ഇതിൽ 20 ശതമാനം സീറ്റ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തതാണ്. ഏഴ് അസി. പ്രഫസർമാരെയും നിയമിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഒരുക്കി. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയവയാണ് സർവകലാശാലയുടെ പ്രധാന പഠനവിഷയങ്ങൾ. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച ഒരു കോടി ചെലവിൽ പയ്യന്നൂരിൽ കോളജ് പ്രവർത്തനം തുടങ്ങിയത്.
സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം 12 ഏക്കർ ഭൂമി കണ്ടെത്തി സർവകലാശാലക്ക് കൈമാറിയിരുന്നു. പയ്യന്നൂരിൽ കൂടുതൽ കോഴ്സുകൾ കൊണ്ടുവരുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.