പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെതിരെ പത്തനംതിട്ടയിൽ കാണപ്പെട്ട പോസ്റ്ററിന് പിന്നിലും ഏഷ്യാനെറ്റ് എന്ന് സൂചന.മന്ത്രിക്കെതിരെ “യുവജനം” എന്ന സംഘടനയുടെ പേരിലാണ് പ്രതിഷേധ പോസ്റ്ററുകൾ കണ്ടത്.എന്നാൽ അതിനുപിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് സൂചനയാണ് മന്ത്രി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്തകൾ സൃഷ്ടിച്ച് തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.’മന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ യുവജന വിഭാഗത്തിന്റെ പോസ്റ്റർ’ എന്ന ഏഷ്യാനെറ്റ് വാർത്തയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘‘ഏഷ്യാനെറ്റ് ന്യൂസിൽ മാത്രമായിരുന്നു വാർത്ത. അന്വേഷിച്ചപ്പോൾ എല്ലാവർക്കും ഒരേ സോഴ്സിൽനിന്ന് വീഡിയോ പോയിട്ടുണ്ട്.ആ സോഴ്സ് ഏഷ്യാനെറ്റ് ന്യൂസിന്റെ പത്തനംതിട്ടയിലെ റിപ്പോർട്ടറാണ്. രാത്രിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫ് അടക്കമുള്ള രണ്ടുപേർ രണ്ടുമൂന്ന് സ്ഥലങ്ങളിൽ പോകുന്നു. ക്യാമറകൊണ്ട് എടുത്തതല്ലെന്ന് വരുത്തിത്തീർക്കാൻ മൊബൈലിൽ വിഷ്വലെടുക്കുന്നു. എന്നിട്ട് എല്ലാവർക്കും അയക്കുന്നു.ഇത് ലജ്ജാകരമാണ്. 2016ലും സമാന സംഭവം നടന്നു. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ ഇതുപോലൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതായി വാർത്തവന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറാണ് അന്നും മറ്റുള്ളവർക്ക് വിഷ്വൽ അയച്ചത്. അതിന്റെ തെളിവുകൾ ഇപ്പോഴും കൈയിലുണ്ട്. പോസ്റ്റർ ഒട്ടിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചത് മതിയായില്ലേയെന്നാണ് ചോദിക്കാനുള്ളത്’’– മന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ചർച്ച് ബില്ലിനെതിരായാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.പേരൊന്നും ഇല്ലാത്ത പോസ്റ്ററിൽ ‘യുവജനം’ എന്നുമാത്രമാണുള്ളത്.