തൃശൂര്‍ വേണം, അതെനിക്കു തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ചോദിക്കുന്നു! പ്രസംഗത്തില്‍ സുരേഷ് ഗോപിയെ ട്രോളി ടിനി ടോമിന്റെ മിമിക്രി; വിവാദമായതോടെ വിശദീകരണം

തൃശൂര്‍: ജബല്‍പുര്‍ വിഷയത്തില്‍ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം. ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത്. ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇതിനു പിന്നാലെയാണു ടിനി ടോം വേദിയില്‍ അദ്ദേഹത്തെ അനുകരിച്ചു മിമിക്രി നടത്തിയത്.
‘തൃശൂര്‍ വേണം, അതെനിക്ക് തരണം എന്ന് പറഞ്ഞു കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നും, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും’ ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ മിമിക്രി ട്രോള്‍.

എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്ത് എത്തി. സുരേഷേട്ടനെ അനുകരിച്ചത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത് , സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് ടിനിയുടെ വിശദീകരണം. അതേസമയം എറണാകുളം ഗെസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.