KeralaNEWS

തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പുകള്‍; മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും തുന്നലിട്ടു

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കല്‍ സുനില്‍ ഏബ്രഹാമിന്റെ (52) നെറ്റിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു.

ഞായറാഴ്ച വൈകിട്ട് 7ന് ആണ് വാഹനം ഓടിക്കുന്നതിനിടെ രക്ത സമ്മര്‍ദം കുറഞ്ഞ് സുനിലിന്റെ നെറ്റി സ്റ്റിയറിങ്ങില്‍ ഇടിച്ചാണു മുറിവുണ്ടായത്. മുറിവുമായി വാഹനത്തിലിരുന്ന സുനിലിനെ ഇതുവഴിയെത്തിയ ആളുകളാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മുറിവ് പരിശോധിച്ചശേഷം 5 തുന്നലിട്ട് മരുന്നും വച്ച് വിട്ടു. വീട്ടിലെത്തിയപ്പോള്‍ മുറിവില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനാല്‍ രാത്രി പത്തരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി. അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഉറുമ്പുകളെ മുറിവില്‍ കണ്ടതെന്നു സുനില്‍ ഏബ്രഹാം പറഞ്ഞു.

Signature-ad

തുടര്‍ന്ന് മുറിവ് അഴിച്ച് വീണ്ടും തുന്നലിട്ടു. ആശുപത്രിയില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് മടങ്ങിയത്.അടുത്ത ദിവസം ഇഎന്‍ടി ഡോക്ടറെ കാണാന്‍ വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. സൂപ്രണ്ടിനെ കാണാന്‍ കഴിഞ്ഞില്ല. ചുമതലയുള്ള ഡോക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിക്കു രേഖാമൂലം പരാതി നല്‍കുമെന്നും സുനില്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെപ്പറ്റി രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചെന്നും റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ലിന്‍ഡ ജേക്കബ് പറഞ്ഞു.

സംഭവത്തില്‍ പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ്‌സിങ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു പരാതി നല്‍കി. മുറിവ് തുന്നിക്കെട്ടിയ ഡോക്ടറെ രക്ഷിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉറുമ്പുകളെ കണ്ട കാര്യം മറച്ചുവച്ച് ഏതോ വസ്തു മുറിവില്‍ ഉണ്ടായിരുന്നെന്നാണ് എഴുതിയതെന്ന് പരാതിയില്‍ പറയുന്നു.ആരോഗ്യ വകുപ്പ് വിജിലന്‍സ് അഡിഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ഉറപ്പു ലഭിച്ചതായും ജയ്‌സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: