CrimeNEWS

റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍

കോഴിക്കോട്: റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. വടകര ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കാളിയില്‍ ആണ് മോഷണം നടന്നത്. തമിഴ്‌നാട് പോലീസില്‍ ഇന്‍സ്‌പെകടറായി വിരമിച്ച മുക്കാളിയിലെ ശ്രീ ഹരിയില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

അലമാരയില്‍ സുക്ഷിച്ച അഞ്ച് പവന്‍ സ്വര്‍ണവും നാല്‍പ്പത്തി അയ്യായിരം രൂപയും മോഷണം പോയി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബംഗളുരുവിലെ മകളുടെ വീട്ടില്‍ പോയത്. വീടിന്റെ പുറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായത്.

Signature-ad

വെള്ളിയാഴ്ച്ച രാവിലെ വീടിന്റെ ഗ്രില്‍ തുറന്ന് കിടക്കുന്നത് കണ്ട അയല്‍ക്കാരായ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. ഹെല്‍മറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ സാധന സാമഗ്രികള്‍ വാരി വലിച്ചിട്ട നിലയിലാണ്. മോഷ്ടാവിന്റതെന്ന് കരുതുന്ന ഹെല്‍മെറ്റ് ഉപേക്ഷിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തി.

ചോമ്പാല എസ്.എച്ച്.ഒ: ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടില്‍ പരിശോധന നടത്തി. പയ്യോളി കെ 9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് റോണിയും വിരലടയാള വിദഗ്ദരും വീട്ടില്‍ പരിശോധന നടത്തി. ഏതാനും ദിവസം മുന്‍പാണ് സമീപത്ത് തന്നെയുള്ള ഡോക്ടറുടെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നത്.

Back to top button
error: