KeralaNEWS

”ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി; ഉന്നത നീതിപീഠം ഇടപെടണം”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കില്‍ ഗവര്‍ണര്‍ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകര്‍ക്കും. കെ.ടി. ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

”മുഴുവന്‍ വാദവും പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വര്‍ഷത്തെ കാലതാമസം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ കേസില്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറുമായിരുന്നു.” -സതീശന്‍ വ്യക്തമാക്കി.

Signature-ad

”വിധി വന്നു കഴിഞ്ഞപ്പോള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത് ജഡ്ജിമാരുടെ ഭിന്നാഭിപ്രായമാണ്. ഈ കേസ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിടണമെന്ന് പറയുന്നത്. 2019ല്‍ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും രണ്ട് ഉപ ലോകായുക്തമാരും ഒരുമിച്ചിരുന്ന് ഇവിടെ പരിഗണിക്കാമെന്ന് തീരുമാനമെടുത്ത കേസാണിത്. 2019ല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത കേസ് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം 2023ല്‍ ഫുള്‍ബെഞ്ചിലേക്കു പോകണമെന്ന വിധി ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്.” -സതീശന്‍ പറഞ്ഞു.

”2022 ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് 18 വരെ ഈ കേസിന്റെ മെറിറ്റിലാണ് വാദങ്ങള്‍ നടന്നിട്ടുള്ളത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടോ എന്നതില്‍ തെളിവുകള്‍ നിരത്തിയുള്ള വാദമാണ് നടന്നത്. അല്ലാതെ ഈ കേസ് നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച വാദം 2022ല്‍ ഈ ലോകായുക്തയുടെ മുന്നില്‍ നടന്നിട്ടില്ല. അതേക്കുറിച്ച് മൂന്നു ദിവസത്തെ വാദം അതിനും മുന്‍പാണ് നടന്നത്. അന്ന് ഫുള്‍ബെഞ്ച് ലോകായുക്തയ്ക്ക് കേസ് പരിഗണിക്കാമെന്ന് തീരുമാനിച്ചതാണ്. എന്നിട്ടും ഒരു വര്‍ഷം കാത്തിരുന്നാണ് വിധി പറഞ്ഞത്. ആ വിധിയാകട്ടെ, ഹര്‍ജി വീണ്ടും ഫുള്‍ ബെഞ്ചിന് വിട്ടുകൊണ്ടും” -സതീശന്‍ പറഞ്ഞു.

”ഇത് യഥാര്‍ഥത്തില്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് എന്നാണ് എനിക്കു പറയാനുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി അന്ന് മന്ത്രിയായിരുന്ന കെ.ടി.ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധി വരാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഈ കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയില്‍ വന്നത്. അത് ഗവര്‍ണര്‍ ഒപ്പു വച്ചിട്ടില്ല. ഈ വിധിക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്. ഒന്നുകില്‍ ഇത് അനന്തമായി നീണ്ടുപോകും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറുന്നതുവരെ വിധി വരില്ല. അല്ലെങ്കില്‍ കേരള ഗവര്‍ണറുമായി ഇക്കാര്യത്തില്‍ ഏതുനിമിഷവും ഒരു ഒത്തുതീര്‍പ്പുണ്ടാകാം. ഗവര്‍ണര്‍ ലോകായുക്ത ബില്ലില്‍ ഒപ്പുവച്ചാല്‍പ്പിന്നെ എന്തു വിധി വന്നാലും പേടിക്കേണ്ടതില്ലല്ലോ” -സതീശന്‍ ചൂണ്ടിക്കാട്ടി.

”ലോകായുക്തയുടെ പല്ലും നഖവും പൊഴിച്ചുകളയുന്ന ബില്ലാണിത്. ഈ വിഷയത്തില്‍ ഉന്നത നീതിപീഠങ്ങള്‍ ഗൗരവത്തോടെ ഇടപെടണം. ലോകായുക്ത പോലുള്ള സംവിധാനത്തില്‍ ജനത്തിനുള്ള വിശ്വാസം തകര്‍ക്കുന്ന വിധത്തിലാണ് ഈ വിധി വന്നത്. നീതിപീഠം ഇടപെട്ടേ മതിയാകൂ. ഫുള്‍ ബെഞ്ച് എടുത്ത തീരുമാനം നിലനില്‍ക്കെ ഈ ഹര്‍ജി വീണ്ടും ഫുള്‍ ബെഞ്ചിലേക്ക് വിട്ടത് തെറ്റായ തീരുമാനമാണ്. ലോകായുക്തയില്‍ വരുന്ന കേസുകളുടെ എണ്ണം ഇപ്പോള്‍ത്തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു വര്‍ഷം വിധി പറയാന്‍ കാത്തിരിക്കേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല.” -സതീശന്‍ പറഞ്ഞു.

 

 

Back to top button
error: